ബംഗളൂരു : രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി കൊടക് സ്വദേശികള്‍. കര്‍ണാടകയിലെ കൊടകില്‍ സ്ഥിതി ചെയ്യുന്ന നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക് അഥവാ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായാണ് കൊടക് സ്വദേശികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, വനമന്ത്രി ഭൂപേന്ദ്ര യാദവിനും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കും അപേക്ഷ നല്‍കി.
ഖേല്‍രത്‌നപുരസ്‌കാരത്തിന് രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതിന്റെ വിവാദങ്ങൾ അടങ്ങുന്നതിനു മുൻപ് തന്നെയാണ് ഇത്തരം ഒരു ആവശ്യം ഉയർന്നിരിക്കുന്നത്. ഒരു പ്രത്യേക കുടുംബത്തെയും രാഷ്‌ട്രീയ പാര്‍ട്ടിയെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് നാഷണല്‍ പാര്‍ക്കിന് ഈ പേര് നല്‍കിയിരിക്കുന്നത്.അത്തരത്തിലൊരു പ്രീതിപ്പെടുത്തല്‍ ഇനി ആവശ്യമില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. അതിന് പകരം രാജ്യത്തിന് വേണ്ടി പോരാടിയ ധീര നേതാക്കളുടെ പേര നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു.
രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് മാറ്റി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടേയോ ജനറല്‍ തിമ്മയ്യയുടേയോ പേര് നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു ഫീല്‍ഡ് മാര്‍ഷല്‍ കൊടന്‍ദേര മഡപ്പ കരിയപ്പ. 1947 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ സൈന്യത്തിന് നേതൃത്വം വഹിച്ച വ്യക്തിയാണ് ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ. 1949 ലാണ് അദ്ദേഹത്തിന് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന പദവി നല്‍കിയത്.
1957 -1961 വരെയുള്ള കാലഘട്ടത്തില്‍ ആര്‍മി ചീഫ് ആയി പ്രവര്‍ത്തിച്ചിരുന്ന ധീര യോദ്ധാവാണ് കൊടന്‍ദേര സുബ്ബയ്യ തിമ്മയ്യ. 1962 ലെ ഇന്ത്യ -ചൈന യുദ്ധത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇത്തരത്തിലുള്ള ധീര യോദ്ധാക്കളുടെ പേരുകളാണ് നാഷണല്‍ പാര്‍ക്കിന് നല്‍കേണ്ടതെന്നും കൊടക് സ്വദേശികള്‍ പറയുന്നു.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌നയ്‌ക്ക് മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരു നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സ്മാരകങ്ങള്‍ക്കും പാര്‍ക്കുകള്‍ക്കും ധീര യോദ്ധാക്കളുടെ പേര് നല്‍കണമെന്ന ആവശ്യയുമായി ജനങ്ങള്‍ രംഗത്തെത്തിയത്