കാസര്‍കോട്: മലയാളികളുടെ ദേശീയോത്സവകാലത്തും അതിര്‍ത്തിയില്‍ മയമില്ലാതെ കര്‍ണാടകം.ആംബുലന്‍സ് ഉള്‍പെടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തടയാതെ കടത്തിവിടണമെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നിട്ടും സംസ്ഥാനാതിര്‍ത്തിയില്‍ മാരത്തോണ്‍ ചെക്കിംഗ് തുടരുകയാണ് കര്‍ണാടക പൊലീസ്.
ഓണക്കാലം വീട്ടുകാരോടൊപ്പം ഒത്തുചേര്‍ന്ന് ആഘോഷിക്കാന്‍ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന മലയാളികള്‍ അതിര്‍ത്തിയില്‍ എത്തി കഷ്ടപ്പെടുകയാണ്. പലതരം ജോലികളുമായി പുറത്ത് കഴിയുന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നതിന് ശേഷം പരിശോധന കൂടുതല്‍ കടുപ്പിക്കുകയാണ് കര്‍ണാടക ചെയ്യുന്നത്. തങ്ങളുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദ്ദേശം ഒന്നും ലഭിക്കാത്തതിനാല്‍ പരിശോധന നിര്‍ത്തിവെക്കാന്‍ കഴയില്ലെന്നാണ് ദക്ഷിണ കര്‍ണ്ണാടക ജില്ലാ കളക്ടറും മംഗളുരു പൊലീസ് കമ്മിഷണറും വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തലപ്പാടി, തവിടുഗോളി , ആനക്കല്‍ ചെക്ക് പോസ്റ്റുകളില്‍ അര്‍ദ്ധരാത്രി പോലും കര്‍ശന പരിശോധനയാണ് നടത്തുന്നത്. ആര്‍ .ടി .പി. സി ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ നാട്ടില്‍ പോകണ്ട എന്ന നിലപാടിലാണ് അധികൃതര്‍. രാത്രികാല പരിശോധന അല്പം കൂരമാണെന്നും അനുഭവസ്ഥര്‍ പറയുന്നു.
അതിര്‍ത്തിയിലെ പരിശോധന മൂലം മംഗളൂരു,മണിപ്പാല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി പോകുന്നവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അതിര്‍ത്തിയില്‍ തടയുന്നതിനെതിരെ മഞ്ചേശ്വരം എം. എല്‍ .എ എ .കെ .എം അഷ്‌റഫ് നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി 25 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കാസര്‍കോട്ടുകാര്‍ വരുന്നത് കൊണ്ടാണ് കോവിഡ് കര്‍ണ്ണാടകയില്‍ കൂടുന്നത് എന്നാണ് ദക്ഷിണ കര്‍ണ്ണാടക കളക്ടറും കമ്മിഷണറും പറയുന്നത്. അതിര്‍ത്തിയില്‍ മലയാളികളെ കേള്‍ക്കാന്‍ കര്‍ണ്ണാടക തയ്യാറാകുന്നില്ല. നീതിയ്ക്കായി ഏതറ്റംവരെയും പോകാനാണ് തീരുമാനം.