ബെംഗളൂരു: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ പല രാജ്യങ്ങളിലേക്കും പടർന്നതോടെ കർണാടകയിൽ കോവിഡ് പരിശോധന സംവിധാനം കർശനമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ എത്തിചേരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും.കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. കേരള, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നു വിമാനത്താവളത്തിൽ എത്തിചേരുന്നവർക്കും
RTPCR പരിശോധന നിർബന്ധമാക്കി. കഴിഞ്ഞ 16 ദിവസങ്ങളായി കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർട്ടിപിസിആർ പരിശോധന നടത്തണം. ആർട്ടിപിസിആർ നെഗറ്റീവായി ഹോസ്റ്റലിൽ കഴിയുന്ന കുട്ടികൾ ഏഴുദിവസത്തിനുശേഷം വീണ്ടും ആർട്ടിപിസിആർ പരിശോധന നടത്തണം.സംസ്ഥാനത്ത് നഴ്സിങ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്കും കോവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. സ്കൂളുകളിലെയും കോളജുകളിലെയും കലാപരിപാടികൾക്ക് താൽകാലിക വിലക്കേർപ്പെടുത്തി. സർക്കാർ ഓഫീസ്, മാൾ, ഹോട്ടലുകൾ, സിനിമ ഹോൾ, സൂ സ്വിമ്മിങ് പൂൾ ലൈബ്രറി എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടാം ഡോസ് വാക്സീനേഷൻ നിർബന്ധമാക്കും. കർണാടകയിൽ രണ്ടാം ഡോസ് കോവിഡ് വാക്സീൻ എടുക്കാനുള്ളവർക്ക് എത്രയും വേഗം വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. ഒപ്പം കോവിഡ് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാരിനോട് അനുവാദം ചോദിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.