ബംഗളൂരു: നഗരത്തില്‍ ലക്ഷം പരിസ്ഥിതി സൗഹൃദ സി.എൻ.ജി ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റ് നല്‍കാൻ ഗതാഗത വകുപ്പ് നടപടിയാരംഭിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളില്‍ ലക്ഷം സി.എൻ.ജി, ഇലക്‌ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യം.
ഓട്ടോറിക്ഷകളുടെ എണ്ണം 2028 ആകുമ്ബോഴേക്കും നിലവിലുള്ളതിന്റെ 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ സർവിസ് പെർമിറ്റുള്ള 1.55 ലക്ഷം ഓട്ടോറിക്ഷകളാണുള്ളത്. ഇത് 2.55 ലക്ഷമായി മാറും. ഇതിനായി കൊല്ലംതോറും 20,000 ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റ് നല്‍കും. എല്‍.പി.ജി -സി.എൻ.ജി -വൈദ്യുത ഓട്ടോറിക്ഷകള്‍ക്കാകും പെർമിറ്റ് അനുവദിക്കുക.ബംഗളൂരുവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വർഷംതോറും വൻ വർധനയാണുണ്ടാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഗതാഗതവകുപ്പിന്റെ നീക്കം. യാത്രക്കാർ ഉപയോഗിച്ചുവന്ന ബൈക്ക് ടാക്‌സികള്‍ ഗതാഗതവകുപ്പ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാൻ തീരുമാനിച്ചത്.