Home Featured ബെംഗളൂരു: സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷൻ മന്ദഗതിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷൻ മന്ദഗതിയിൽ

by admin

ബെംഗളൂരു: സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിച്ചത് 29 ശതമാനം വാഹനങ്ങൾ മാത്രം. കഴിഞ്ഞ നവംബറിനും ജനുവരി 31-നും ഇടയിൽ അഞ്ചുലക്ഷം വാഹനങ്ങൾ അതിസുരപക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചു. ഫെബ്രുവരി അവസാനിച്ചപ്പോഴേക്കും രണ്ടുകോടി വാഹനങ്ങളിൽ വെറും 57,20,550 വാഹനങ്ങൾ മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത്. ഇതിൽ 24,77,653 വാഹനങ്ങൾ ബെംഗളൂരു അർബൻ ജില്ലയിലാണ്. മൈസൂരുവിൽ 4,07,830 വാഹനങ്ങളും ദക്ഷിണ കന്നഡയിൽ 2,76,014 വാഹനങ്ങളും ബെലഗാവിയിൽ 2,61,807 വാഹനങ്ങളും ശിവമോഗയിൽ 2,06,812 വാഹനങ്ങളും അതിസുരക്ഷാ നമ്പർ പ്ലേറ്റു സ്ഥാപിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിയമനിർമാണ കൗൺസിലിൽ അറിയിച്ചു.

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കേണ്ടത്.2023 നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇതു വരെ ഏഴു തവണയാണ് സമയപരിധി നീട്ടിയത്. അവസാനം നീട്ടിയത് ഈ വർഷം ഫെബ്രുവരിയിലാണ്. നിലവിൽ ഫെബ്രുവരി 20-ൽനിന്ന് മാർച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലുള്ളതിനാലാണ് സമയ പരിധി നീട്ടേണ്ടി വന്നതെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. തത്‌സ്ഥിതി നിലനിർത്താൻ കോടതി ആവശ്യപ്പെട്ടിട്ടുള്ളതിനാൽ നടപടിയെടുക്കാൻ സാധിക്കില്ല

സമയപരിധി കഴിഞ്ഞിട്ടും അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാത്ത വാഹന ഉടമകളിൽനിന്ന് 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ 1,000 രൂപയാകും പിഴ. അതിസുരക്ഷാ നമ്പർ പ്ലേറ്റിനെക്കുറിച്ച് അവബോധമില്ലാത്തതാണ് പലരും മടിക്കാൻ കാരണം. കൂടാതെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ സങ്കീർണമായതും കാരണമാണ്. ഗൂഗിളിൽ എച്ച്.എസ്.ആർ.പി. രജിസ്‌ട്രേഷൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ നിരവധി വെബ്‌സൈറ്റുകൾ വരുന്നതായും അതിനാൽ ആശയക്കുഴപ്പമുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറയുന്നു.

കർണാടക ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിൽ കയറി എച്ച്.എസ്.ആർ.പി. വിഭാഗത്തിൽ പോയാൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുതിന് വേണ്ടി രജിസ്റ്റർ ചെയ്യാം. സർക്കാർ അംഗീകൃത ഇടപാടുകാർ വഴി മാത്രമേ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.അതേസമയം, നമ്പർ പ്ലേറ്റുകളിലെ തകരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബെംഗളൂരു ട്രാഫിക് പോലീസ് 1,85,000 കേസുകൾ രജിസ്റ്റർ ചെയ്തു. നമ്പർ പ്ലേറ്റുകളിൽ വിവിധ ചിഹ്നങ്ങളും സ്റ്റിക്കറുകളുമെല്ലാം ഉള്ള വാഹനങ്ങളിൽനിന്നാണ് പിഴ ഈടാക്കിയത്. ഈ വർഷം ജനുവരിയിൽ മാത്രം 15,000 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group