Home Featured നിന്ദ്യ പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ വന്ദ്യനാണെന്ന ബോധം വേണം’; പോക്സോ കേസില്‍ യെദിയൂരപ്പയോട് കർണാടക ഹൈകോടതി

നിന്ദ്യ പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ വന്ദ്യനാണെന്ന ബോധം വേണം’; പോക്സോ കേസില്‍ യെദിയൂരപ്പയോട് കർണാടക ഹൈകോടതി

by admin

നിന്ദ്യ പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ വന്ദ്യനാണെന്ന ബോധം വേണമെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദിയൂരപ്പയോട് കർണാടക ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ കീഴ്കോടതി നിർദേശിച്ച യാത്രാവിലക്കില്‍ ഇളവ് തേടി സമർപ്പിച്ച ഹരജി പരിശോധിച്ച വേളയിലാണ് ജസ്റ്റിസ് പ്രദീപ് സിങ് യെരൂർ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.”മുതിർന്ന രാഷ്ട്രീയ നേതാവിനോട് അങ്ങേയറ്റം ആദരവോടെ, ഇത്തരം നിന്ദ്യമായ പ്രവൃത്തികളില്‍ ഏർപ്പെടുമ്ബോള്‍ ഇക്കാര്യങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം” -എന്നായിരുന്നു കോടതിയുടെ പരാമർശം.

ഹരജി സ്വീകരിച്ച ബെഞ്ച്, വരാനിരിക്കുന്ന വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ഹരജിയില്‍ എതിർപ്പുകള്‍ സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.യെദിയൂരപ്പക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ്, തന്റെ കക്ഷി ഒരു മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം സംസ്ഥാനത്തും രാജ്യത്തുടനീളവും യാത്ര ചെയ്യേണ്ടതുണ്ടെന്നും എല്ലാത്തിനും കോടതിയെ സമീപിക്കാൻ കഴിയില്ലെന്നും വാദിച്ചു. ഇതിന് മറുപടിയായി നിന്ദ്യമായ പ്രവൃത്തികളില്‍ ഏർപ്പെടുമ്ബോള്‍ അവർ ഇക്കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

യെദിയൂരപ്പക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെറ്റാണെന്ന് അഭിഭാഷകൻ വാദിച്ചു. കേന്ദ്ര പാർലമെന്ററി ബോർഡ് അംഗമാണെന്നും ഒരു മാസത്തേക്ക് അദ്ദേഹം എങ്ങുമെത്തില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായ രവിവർമ കുമാറും അശോക് നായകും എതിർത്തു. അവർ എതിർപ്പുകള്‍ ഫയല്‍ ചെയ്യുമെന്ന് കോടതിയെ അറിയിച്ചു.നേരത്തെ യെദിയൂരപ്പക്ക് മുൻകൂർ ജാമ്യം അനുവദിക്കുമ്ബോള്‍ കോടതി മുന്നോട്ടുവച്ച വ്യവസ്ഥകളില്‍ ഒന്നായിരുന്നു യാത്രാ നിയന്ത്രണം. പോക്സോ നിയമപ്രകാരമുള്ള കേസില്‍ ഇടക്കാല ആശ്വാസം അനുവദിച്ചുകൊണ്ട് ഇതേ ബെഞ്ച് നേരത്തെ ഒന്നാം ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന സമൻസ് സ്റ്റേ ചെയ്തിരുന്നു.

കേസില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിക്കുകയും, അതനുസരിച്ച്‌, രണ്ട് സമൻസുകളും നേരത്തെ സ്റ്റേ ചെയ്യുകയും ചെയ്തു.ഫെബ്രുവരി ഏഴിന് കേസില്‍ അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു. എന്നാല്‍ കേസില്‍ യെദ്യൂരപ്പക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ബെഞ്ച് അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു. പുതിയ സമൻസ് കേസില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ആശങ്ക ഉയർത്തിയിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമനടപടികള്‍ നേരിടാൻ തയ്യാറാണെന്നും വാദിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി അന്ന് ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) കഴിഞ്ഞ ജൂണ്‍ 27ന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. യെദിയൂരപ്പക്കും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരവും ഐ.പി.സിയിലെ 354(എ) (ലൈംഗിക പീഡനം), 204 (രേഖകളോ ഇലക്‌ട്രോണിക് രേഖകളോ നശിപ്പിക്കല്‍), 214 (ഒരു കുറ്റകൃത്യം മറച്ചുവെക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് യെദിയൂരപ്പയുടെവീട്ടില്‍ സഹായം തേടി വന്ന സ്ത്രീയുടെ 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇര ഇതിനെ ചെറുത്തു നില്‍ക്കുകയും മുറി വിട്ടുപോകുകയും ചെയ്തു. ലൈംഗികാതിക്രമം സംബന്ധിച്ച്‌ പരാതി നല്‍കിയ കുട്ടിയുടെ മാതാവ് കേസന്വേഷണ ഘട്ടത്തില്‍ മരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group