Home Featured ജെ.ഡി-എസിന് തിരിച്ചടി; ഏക എം.പിയുടെ തെരഞ്ഞെടുപ്പ് കര്‍ണാടക ഹൈകോടതി റദ്ദാക്കി

ജെ.ഡി-എസിന് തിരിച്ചടി; ഏക എം.പിയുടെ തെരഞ്ഞെടുപ്പ് കര്‍ണാടക ഹൈകോടതി റദ്ദാക്കി

by admin

ബംഗളൂരു: ജനതാദള്‍-എസിന്റെ ഏക ലോക്സഭാംഗമായ പ്രജ്വല്‍ രേവണ്ണയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി കര്‍ണാടക ഹൈകോടതി.2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹാസൻ മണ്ഡലത്തില്‍നിന്ന് ജയിച്ച പ്രജ്വല്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്ത് സംബന്ധിച്ച്‌ വ്യാജ വിവരങ്ങള്‍ ചേര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രജ്വലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന മുൻ ബി.ജെ.പി അംഗം എ. മഞ്ജുനാഥും മണ്ഡലത്തിലെ വോട്ടറായ ജി. ദേവരാജ ഗൗഡയും 2019 ജൂണ്‍ 26ന് കര്‍ണാടക ഹൈകോടതിയില്‍ നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റെ വിധി. പരാതിക്കാരനായ എ. മഞ്ജു നിലവില്‍ ഹാസനിലെ അര്‍ക്കലഗുഡില്‍നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എയാണ്. ഈ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി-എസ് ടിക്കറ്റുകളില്‍ എം.എല്‍.എയായെന്ന അപൂര്‍വതയും മഞ്ജുവിനുണ്ട്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് പ്രജ്വലിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിര്‍ദേശം നല്‍കി. പ്രജ്വലിന്റെ പിതാവ് എച്ച്‌.ഡി. രേവണ്ണ, സഹോദരൻ സൂരജ് രേവണ്ണ എന്നിവര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്. ഇതോടെ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രജ്വലിന് പങ്കെടുക്കാനാവില്ല. രാജ്യസഭാംഗമായ എച്ച്‌.ഡി. ദേവഗൗഡ മാത്രമാകും പാര്‍ലമെന്റില്‍ ജെ.ഡി-എസ് പ്രതിനിധി.

ആറു വര്‍ഷത്തേക്ക് പ്രജ്വലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അതേസമയം, ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാവും.പ്രജ്വലിന്റെ ഉടമസ്ഥതയിലുള്ള ഹാസനിലെ ചന്നാംബിക കണ്‍വെൻഷൻ ഹാളിന് നാലു കോടി വിലമതിക്കുമെങ്കിലും 14 ലക്ഷം മാത്രമാണ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‍മൂലത്തില്‍ ചേര്‍ത്തത്. ബാങ്ക് ബാലൻസായി അഞ്ചുലക്ഷമാണ് ചേര്‍ത്തിരുന്നത്. എന്നാല്‍, 48 ലക്ഷം ഉണ്ടായിരുന്നതായാണ് പരാതി. പല സ്വത്തുക്കളും ബിനാമികളുടെ പേരിലാണുള്ളതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

2018ല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച സഖ്യമായ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യത്തിന്റെ ഭാഗമായാണ് പ്രജ്വല്‍ രേവണ്ണ 2019ല്‍ കന്നിയങ്കത്തിനിറങ്ങിയത്.പാര്‍ട്ടി അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡയുടെ സിറ്റിങ് സീറ്റായിരുന്ന ഹാസൻ മൂത്തമകൻ എച്ച്‌.ഡി. രേവണ്ണയുടെ നിര്‍ബന്ധത്തിന് വഴങ്ങി രേവണ്ണയുടെ മകൻ പ്രജ്വലിന് ദേവഗൗഡ കൈമാറുകയായിരുന്നു. പകരം തുമകുരു സീറ്റില്‍ മത്സരിച്ച ദേവഗൗഡ തോല്‍ക്കുകയും ഹാസൻ സീറ്റില്‍ പ്രജ്വല്‍ വിജയിക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group