Home Featured ബെം​ഗളൂരൂവിലെ ചെലവ് കുറഞ്ഞ യാത്രാമാർ​ഗം അവസാനിക്കുന്നു; ബൈക്ക് ടാക്സി നിരോധനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ബെം​ഗളൂരൂവിലെ ചെലവ് കുറഞ്ഞ യാത്രാമാർ​ഗം അവസാനിക്കുന്നു; ബൈക്ക് ടാക്സി നിരോധനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

by admin

ബെംഗളൂരു: കർണാടകയിലെ ബൈക്ക് ടാക്സി സേവനദാതാക്കൾക്ക് വൻ തിരിച്ചടി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസ് നിരോധിച്ചുകൊണ്ട് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചതോടെയാണ് ബൈക്ക് ടാക്സി സേവനങ്ങൾ നൽകുന്ന കമ്പനികൾ വെട്ടിലായത്. ഇതോടെ വരുന്ന തിങ്കളാഴ്ച (2025 ജൂൺ 16) മുതൽ ബെംഗളൂരു ഉൾപ്പെടെ കർണാടക സംസ്ഥാനത്തെങ്ങും ബൈക്ക് ടാക്സിയുടെ സേവനം നിർത്തിവെക്കേണ്ടിവരും.

പ്രമുഖ ബൈക്ക് ടാക്സി അഗ്രഗേറ്റർ കമ്പനികളായ ഓലയും ഊബറും റാപ്പിഡോയും ആണ്, ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്സി നിരോധന ഉത്തരവിനെതിരേ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വർ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു. ഇതോടെ ജൂൺ 15 വരെ കമ്പനികൾക്ക് നൽകിയിരുന്ന ഇളവ് ഇനി നീട്ടിക്കിട്ടില്ല. ഫലത്തിൽ തിങ്കളാഴ്ച മുതൽ ബൈക്ക് ടാക്സികളുടെ സേവനം അവസാനിപ്പിക്കണം.

എന്താണ് കേസിന്റെ പശ്ചാത്തലം : ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങളും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സർക്കാർ പുറത്തിറക്കുന്നതുവരെ മോട്ടോർ സൈക്കിളുകൾക്ക് ഗതാഗത വാഹനങ്ങളെന്ന നിലയിൽ സേവനങ്ങൾ നൽകുന്നതിനായോ രജിസ്റ്റർ ചെയ്യുന്നതിനായോ ഉള്ള അനുമതി നൽകാൻ ഗതാഗത വകുപ്പിന് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബിഎം ശ്യാം പ്രസാദിന്റെ ബെഞ്ച് നിരോധന ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ ബൈക്ക് ടാക്,സി അഗ്രഗേറ്റർമാരാണ് കർണാടക ഹൈക്കോടതിയുടെ ഡിവി‍ഷൻ ബെഞ്ചിനെ സമീപിച്ചത്.

സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കുകയാണെങ്കിൽ ബൈക്ക് ടാക്സി നിരോധനത്തിന് ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി നിലപാട് വെളിപ്പെടുത്തിയെങ്കിലും ബൈക്ക് ടാക്സികൾക്ക് എതിരായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതോടെയാണ് നിലവിലെ നിരോധനത്തിന് സ്റ്റേ നൽകാൻ ഹൈക്കോടതി വിസമ്മിച്ചത്. തുടർന്ന് സംസ്ഥാന ഗതാഗത വകുപ്പിനും ബൈക്ക് ടാക്സി കമ്പനികൾക്കും വിഷയവുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നതിന് ജൂൺ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ജൂൺ 24ന് കേസ് വീണ്ടും പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്

യാത്രികർക്കും കമ്പനികൾക്കും തിരിച്ചടി : ബൈക്ക് ടാക്സികളുടെ പ്രവർത്തനം നിർത്തിവെക്കുന്നതോടെ ബൈംഗളൂരൂ നഗരത്തിലെ ചെലവ് കുറഞ്ഞ യാത്ര മാർഗങ്ങളിലൊന്നിനും തിരശ്ശീല വീഴുകയാണ്. ഗതാഗതക്കുരുക്ക് പോലെയുള്ള കാരണങ്ങളാൽ ഓട്ടോറിക്ഷയും കാറും പോലെ വലിയ ടാക്സി വാഹനങ്ങൾ സർവീസ് നടത്താൻ മടിക്കുന്നിടത്തേക്കും ചെറിയ ഊടുവഴികളിലൂടെ പോലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ബെംഗളൂരു നിവാസികൾക്ക് ബൈക്ക് ടാക്സി സേവനം വലിയ തോതിൽ സഹായകരമായിരുന്നു. അതേസമയം കോടതിയുടെ നിരോധനത്തോടെ ആറ് ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവർമാർക്കും ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group