Home Uncategorized കര്‍ണാടകയിലെ ഹൃദയാഘാത മരണങ്ങള്‍: 30% ‍‍ഡ്രൈവര്‍മാര്‍, കാരണമായത് വ്യായാമക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും

കര്‍ണാടകയിലെ ഹൃദയാഘാത മരണങ്ങള്‍: 30% ‍‍ഡ്രൈവര്‍മാര്‍, കാരണമായത് വ്യായാമക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും

by admin

കർണാടകയിലെ ഹാസൻ ജില്ലയില്‍ ഒരുമാസത്തിനിടെ ഹൃദയാഘാത മരണങ്ങള്‍ കൂടിയതിനു പിന്നില്‍ പഠനംനടത്തി റിപ്പോർട്ട് സമർപ്പിച്ച്‌ വിദഗ്ധസമിതി.മരണപ്പെട്ടവരില്‍ മുപ്പതുശതമാനവും ഓട്ടോ, ടാക്സി ഡ്രൈവർമാർ ആണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശ്രീജയദേവ കാർഡിയോവാസ്കുലാർ സയൻസസ് ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിശദമായ പഠനംനടത്തിയത്.നാല്‍പത് ദിവസങ്ങള്‍ക്കിടെയുണ്ടായ 24 മരണങ്ങളില്‍ വിദഗ്ധ പഠനം നടത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡോ.കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.

എന്നാല്‍ ഇരുപത്തിനാല് മരണങ്ങളില്‍ 10 എണ്ണം ഹൃദയാഘാതം മൂലവും മൂന്നെണ്ണം നേരത്തേയുണ്ടായിരുന്ന ഹൃദ്രോഗങ്ങളാലുമാണെന്ന് സമിതി കണ്ടെത്തി. മറ്റു പത്ത് മരണങ്ങളുടെ ലക്ഷണങ്ങളും സാഹചര്യങ്ങളും പരിശോധിച്ചതിനൊടുവില്‍ അവയ്ക്ക് പിന്നില്‍ ഹൃദയാഘാതമാവാമെന്നാണ് കരുതുന്നത്. ഹൃദയാഘാത മരണങ്ങളില്‍, കുറഞ്ഞത് എട്ടെണ്ണത്തിലേക്ക് നയിച്ച പ്രധാനകാരണം മദ്യവും ആറെണ്ണത്തിന് കാരണം പുകവലിയുമാണെന്ന് സമിതി വിലയിരുത്തി. ബാക്കിയുള്ള നാല് മരണങ്ങള്‍ ഹൃദ്രോഗസംബന്ധമല്ലെന്നും ഗുരുതര വൃക്കരോഗം, റോഡപകടം, ഗുരുതരമായ ഗ്യാസ്ട്രോഎൻട്രൈറ്റിസ്, വൈദ്യുതാഘാതം എന്നിവ മൂലമാണെന്നും സമിതി പറയുന്നു.

അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഇപ്പോഴത്തെ മരണനിരക്ക് അസാധാരണമായി കണക്കാക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം മെയ്, ജൂണ്‍ മാസങ്ങളിലെ കണക്കെടുക്കുമ്ബോള്‍ മരണനിരക്കില്‍ കൂടുതലുള്ളതായി കാണാനാവില്ല. എന്നാല്‍ മരിച്ചവരിലേറെയും ഒരേ തൊഴില്‍മേഖലയിലുള്ളവരാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.മരിച്ചവരില്‍ മുപ്പത് ശതമാനവും ഓട്ടോ, ടാക്സി ഡ്രൈവർമാരാണ്. ഇവ ജീവിതരീതിയും തൊഴില്‍പരമായ സമ്മർദവുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നു.

ഡ്രൈവിങ്ങിനായി ദീർഘസമയം ഒരേ ഇരിപ്പ് തുടരുന്നതും ക്രമരഹിതമായ ഭക്ഷണശൈലിയും പുകവലിയും വ്യയാമക്കുറവും സമ്മർദവും ഉറക്കകുറവുമൊക്കെ അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്- സിദ്ധരാമയ്യ പറഞ്ഞു.ഓട്ടോ, ടാക്സി ഡ്രൈവർമാർക്കായി കൃത്യമായി ആരോഗ്യ പരിശോധനകള്‍ നടത്തണമെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.ഹാസനിലെ അസാധാരണ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ജയദേവ ആശുപത്രിക്ക് മുമ്ബില്‍ പരിഭ്രാന്തിയോടെ ക്യൂ നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഹൃദയസംബന്ധമായ പരിശോധനയ്ക്ക് വരിനില്‍ക്കുന്നവരുടെ ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍, ഹൃദയസംബന്ധമായ പരിശോധന കൊണ്ടുമാത്രം ഭാവിയില്‍ പ്രശ്നം ഇല്ലാതാകില്ലെന്നും, ജീവിതശൈലിയില്‍ കാതലായ മാറ്റം ആവശ്യമാണെന്നും ജയദേവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.കെ.എസ്. സദാനന്ദ പറഞ്ഞു. ആരോഗ്യത്തോടെ ശരീരം കാത്തുസൂക്ഷിക്കാൻ വ്യായാമം ശീലമാക്കണം. അതിനുപകരം, എല്ലാവരും ആശുപത്രിയിലേക്ക് ഓടിവരാൻ നിന്നാല്‍ നിലവിലുള്ള ഹൃദ്രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാനാകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവർ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരിക്കുന്നത്, ആരോഗ്യവകുപ്പിനെ നിർബന്ധമായും അറിയിക്കേണ്ട രോഗമാക്കി കർണാടക പ്രഖ്യാപിച്ചിരുന്നു.തുടർച്ചയായ ഹൃദയാഘാത മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് വാക്സിനും ആ മരണങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോവിഡ് വാക്സിനോ, കോവിഡ് അണുബാധയ്ക്കോ, ദീർഘകാലകോവിഡിനോ ഈ മരണങ്ങളുമായി ബന്ധമില്ലെന്നും വിദഗ്ധസമിതി നേരത്തേ കണ്ടെത്തിയിരുന്നു.

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണം ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, പുകവലി തുടങ്ങിയവ ആകാമെന്നാണ് സമിതി വ്യക്തമാക്കിയത്. കോവിഡ് കാലത്തിനുശേഷം ജീവിതരീതിയില്‍ വന്ന മാറ്റങ്ങളുംമറ്റും ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, കൊളസ്ട്രോള്‍ തുടങ്ങിയവയുടെ നിലയില്‍ വർധനവുണ്ടാക്കുകയും ഇത് അപകടസാധ്യതാ ഘടകങ്ങളായി മാറിയിട്ടുണ്ടാവാമെന്നും വിദഗ്ധസമിതി വ്യക്തമാക്കുകയുണ്ടായി

You may also like

error: Content is protected !!
Join Our WhatsApp Group