ബംഗളൂരു: അശ്ലീല ഭാഷ അടങ്ങിയ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയ്ക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ‘സ്‌റ്റോക്കിങ്’ കുറ്റമായി കണക്കാക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അഭിഷേക് മിശ്ര എന്ന വ്യക്തിക്കെതിരായ ഐപിസി സെക്ഷന്‍ 354 പ്രകാരമുള്ള കുറ്റകൃത്യം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.രണ്ട് വ്യക്തികള്‍ക്കിടയില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറിയതിനെ ‘സ്റ്റോക്കിങ്’ ആയി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. ഐപിസിയിലെ വിവിധ സെക്ഷനുകള്‍, ഇന്റഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി ആക്ട്, ഐടി ആക്ട്, പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് എന്നീ നിയമപ്രകാരമുള്ള രജിസ്റ്റര്‍ ചെയ്ത കേസ് ചോദ്യം ചെയ്ത് മിശ്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഡല്‍ഹിയില്‍ യുപിഎസ്‌സി പരിശീലനത്തിനിടെ മിശ്ര തന്നെ കണ്ടുമുട്ടിയെന്നും വിവാഹവാഗ്ദാനം നല്‍കിയ ശേഷം തന്റെ സ്വകാര്യ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നുമാണ് യുവാവിനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം.എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നാണ് യുവാവ് വാദിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും വിവാഹത്തിനായി തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. വാദം കേട്ട ശേഷം സ്റ്റോക്കിങ് കുറ്റം റദ്ദാക്കിയെങ്കിലും മറ്റ് കുറ്റകൃത്യങ്ങള്‍ തള്ളാന്‍ ബെഞ്ച് വിസമ്മതിച്ചു.