ബെംഗളൂരു: പോക്സോ നിയമപ്രകാരമുള്ള കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച് കർണാടക ഹൈക്കോടതി. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകൾ കോടതി സ്‌റ്റേ ചെയ്‌തു, അടുത്ത വാദം കേൾക്കുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്.മാർച്ച് 15ന് തന്നെ ഇവരോട് നേരിട്ട് ഹാജരാകാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 28ന് പോക്സോ കേസിൽ യെദിയൂരപ്പയ്‌ക്കെതിരെ കർണാടക സിഐഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി വീണ്ടും പരിഗണിച്ചിരുന്നു.
മുതിർന്ന ബിജെപി നേതാവിനെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികളിലെ ഒരു സുപ്രധാന നീക്കമായിരുന്നു ഈ സംഭവവികാസം. തുടർന്നാണ് യെദിയൂരപ്പയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ സമൻസിനെ ചോദ്യം ചെയ്‌തു ഹർജി നൽകുകയായിരുന്നു.ജസ്‌റ്റിസ് പ്രദീപ് സിംഗ് യെരൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ സിവി നാഗേഷ് യെദിയൂരപ്പയ്ക്ക് വേണ്ടി വാദിച്ചു. എന്നാൽ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി ഇടക്കാല ആശ്വാസത്തെ എതിർത്തു.
എന്നാൽ യെദിയൂരപ്പയുടെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി മുൻ മുഖ്യമന്ത്രിക്ക് ഇടക്കാല ആശ്വാസം അനുവദിക്കുകയായിരുന്നു.2024 ഫെബ്രുവരി 2ന് ബെംഗളൂരുവിലെ വസതിയിൽ നടന്ന ഒരു കൂടിക്കാഴ്‌ചയ്ക്കിടെ യെദിയൂരപ്പ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ഒപെൺകുട്ടിയുടെ അമ്മയാണ് കേസ് ഫയൽ ചെയ്‌തത്. മകൾക്ക് മുൻപ് നേരിടേണ്ടി വന്ന ലൈംഗികാതിക്രമ കേസിൽ നീതി ലഭിക്കുന്നതിന് സഹായം തേടിയാണ് സ്ത്രീയും മകളും മുൻ കർണാടക മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ഇതിന് പിന്നാലെ ഈ കുട്ടിയുടെ അമ്മ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മരണപ്പെടുകയായിരുന്നു. കർണാടക സംസ്ഥാന വനിതാ കമ്മീഷൻ അവരുടെ മരണത്തെയും മൃതദേഹം സംസ്‌കരിച്ചതിനെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചും ആരോപണങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.ഈ വർഷം ഫെബ്രുവരി 7ന്, യെദിയൂരപ്പയ്‌ക്കെതിരായ പോക്സോ കേസ് റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചെങ്കിലും അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമൻസ് സ്‌റ്റേ ചെയ്‌തു കൊണ്ടുള്ള ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവോടെ, നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് യെദിയൂരപ്പയ്ക്ക് താൽക്കാലിക ആശ്വാസം ലഭിച്ചുവെന്നതാണ് ഇന്നത്തെ ഉത്തരവിന്റെ പ്രത്യേകത.