പി.എഫ് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയുടെ അറസ്റ്റ് കര്‍ണാടക കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പി.എഫ് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രോവിഡന്റ് ഫണ്ട് മേഖലാ കമീഷണര്‍ എസ്. ഗോപാല്‍ റെഡ്ഡി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് നടന്നതായി പറയുന്ന കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ തനിക്കെതിരെ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകളും അറസ്റ്റ് വാറന്റും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തപ്പ കോടതിയെ സമീപിച്ചത്.
ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍നിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുള്ള ആരോപണം. റോബിന്‍ ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പല ജീവനക്കാര്‍ക്കും പി.എഫ് പണം നല്‍കാതെ വഞ്ചിച്ചതായും പരാതിയുണ്ട്. ഡിസംബര്‍ നാലിനാണ് മേഖല കമീഷണര്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കായി ഉത്തപ്പ 59 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു. 2007ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.