ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്ന വിശേഷണമുള്ള ജനതാദള്‍ സെക്കുലർ (ജെ.ഡി-എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രി പദത്തിലേറുമ്ബോള്‍ പാർട്ടിക്കും പുതുജീവൻ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും ദയനീയ പ്രകടനം നടത്തിയ ജെ.ഡി-എസ് ഉള്‍പാർട്ടി കലഹത്തെ തുടർന്ന് പ്രതിസന്ധിയില്‍ ഉഴലവെയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടം കൈവരിക്കുന്നത്. ബി.ജെ.പിയുമായി സഖ്യം തീർക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനം പാർട്ടിയില്‍ കലഹത്തിനും പിളർപ്പിനും വഴിവെച്ചിരുന്നു.
പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മനഃസാക്ഷി അടുപ്പക്കാരനായ സി.എം. ഇബ്രാഹിം, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. നാണു അടക്കമുള്ളവർ പാർട്ടി വിടുകയും കേരള ജെ.ഡി-എസ് ഘടകം ദേവഗൗഡയില്‍നിന്ന് അകലുകയും ചെയ്തിരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും നടുവില്‍നിന്ന് ബി.ജെ.പി സഖ്യത്തില്‍ മത്സരിച്ച ജെ.ഡി-എസ് കർണാടകയില്‍ മത്സരിച്ച മൂന്നു സീറ്റില്‍ രണ്ടെണ്ണം കൈപ്പിടിയിലൊതുക്കി. കുമാരസ്വാമി കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണത്തിലാണ് മാണ്ഡ്യ അനുകൂലമായതെങ്കില്‍ കോലാറില്‍ കോണ്‍ഗ്രസിലെ തമ്മിലടി ജെ.ഡി-എസിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കർണാടകയില്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും മാറിമാറി സഖ്യം തീർത്ത പാർട്ടിയാണ് ജെ.ഡി-എസ്. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന 2004ല്‍ കോണ്‍ഗ്രസുമായും 2006ല്‍ ബി.ജെ.പിയുമായും 2018ല്‍ കോണ്‍ഗ്രസുമായും കൂട്ടുണ്ടാക്കി സർക്കാർ രൂപവത്കരിച്ചു. കുറഞ്ഞ സീറ്റുകളാണ് കൈയിലുണ്ടായിരുന്നതെങ്കിലും ഈ സന്ദർഭങ്ങളിലെല്ലാം കുമാരസ്വാമി കിങ്മേക്കറെന്ന നിലയില്‍ മുഖ്യമന്ത്രിയായി. പാർട്ടി പ്രവർത്തകർ പ്രിയത്തോടെ കുമാരണ്ണ എന്നു വിളിക്കുന്ന കുമാരസ്വാമിയുടെ കരിയർ സിനിമയും രാഷ്ട്രീയവും ബന്ധപ്പെട്ടാണ് കിടക്കുന്നത്.
എച്ച്.ഡി. ദേവഗൗഡയുടെയും ഭാര്യ ചെന്നമ്മയുടെയും ആറു മക്കളില്‍ ഒരുവനായി ഹാസൻ ഹൊളെനരസിപുര ഹരദനഹള്ളിയില്‍ 1959 ഡിസംബർ 16നായിരുന്നു കുമാരസ്വാമിയുടെ ജനനം. ഹൊളെനരസിപുര എം.എല്‍.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ സഹോദരനാണ്. ഹാസനില്‍ പ്രാഥമിക വിദ്യാഭ്യാസവും ബംഗളൂരുവില്‍നിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. രാഷ്ട്രീയത്തിലേക്ക് കടക്കും മുമ്ബും കന്നട സിനിമ മേഖലയില്‍ നിർമാതാവെന്ന നിലയില്‍ ശോഭിച്ചു.
1996ല്‍ കനകപുര പാർലമെന്റ് മണ്ഡലത്തില്‍നിന്ന് (ഇപ്പോള്‍ ബംഗളൂരു റൂറല്‍) വിജയത്തോടെയാണ് രാഷ്ട്രീയ പ്രവേശം. എന്നാല്‍, 1998ല്‍ കനകപുരയില്‍ നിന്നുതന്നെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെട്ടിവെച്ച കാശടക്കം പോയി. 1999ല്‍ സാത്തനൂർ നിയമസഭ മണ്ഡലത്തില്‍ ഡി.കെ. ശിവകുമാറിനോടും തോറ്റു. പിന്നീട്, 2004 നിയമസഭ തെരഞ്ഞെടുപ്പില്‍ രാമനഗരയില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2004ല്‍ തൂക്കു മന്ത്രിസഭയായതിനാല്‍ കോണ്‍ഗ്രസുമായി വിലപേശി ജെ.ഡി-എസ് മുഖ്യമന്ത്രി പദം നേടി. കുമാരസ്വാമിക്കായിരുന്നു യോഗം. പിന്നീട് കോണ്‍ഗ്രസിന്റെ ധരംസിങ്ങിന് അവസരം നല്‍കാതെ ജെ.ഡി-എസ് സഖ്യ പിന്തുണ പിൻവലിച്ചു.
തുടർന്ന് 2006ല്‍ ബി.ജെ.പിക്കൊപ്പം സഖ്യംചേർന്ന് കുമാരസ്വാമി മുഖ്യമന്ത്രിയായി. 2007ല്‍ ബി.ജെ.പിക്ക് ഭരണം കൈമാറണമെന്നായിരുന്നു കരാറെങ്കിലും കുമാരസ്വാമി സ്ഥാനമൊഴിയാൻ തയാറായില്ല. ഇതോടെ കർണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെടുകയും രാഷ്ട്രപതി ഭരണം വരുകയും ചെയ്തു. പിന്നീട് 2018ല്‍ ആർക്കും ഭൂരിപക്ഷം ലഭിക്കാതായപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ജെ.ഡി-എസ് നിന്നു. 37 സീറ്റേ ലഭിച്ചുള്ളൂവെങ്കിലും സഖ്യ ധാരണപ്രകാരം കുമാരസ്വാമി മുഖ്യമന്ത്രിയായി. മതേതര പാർട്ടിയെന്ന് പേരിലുള്ള ജെ.ഡി-എസ് വർഗീയ നയങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിയുമായി സഖ്യം തീർക്കുന്നതിനെതിരെ പാർട്ടിക്കകത്തുനിന്ന് കഠിന വിമർശനമുയർന്നിരുന്നു.
എന്നാല്‍, ബി.ജെ.പിക്കൊപ്പം നില്‍ക്കാനുള്ള എച്ച്.ഡി. ദേവഗൗഡയുടെയും എച്ച്.ഡി. കുമാരസ്വാമിയുടെയും തീരുമാനം, ആദർശം ബലികഴിച്ചാണെങ്കിലും പാർട്ടിയെ തല്‍ക്കാലം പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ധനമായി മാറുകയായിരുന്നു. പാർട്ടിയില്‍ കുടുംബവാഴ്ച എന്ന പേരുദോഷം മായ്ക്കാൻ കുമാരസ്വാമിക്ക് താല്‍പര്യമില്ല. ദേവഗൗഡ കുടുംബം തന്നെയാണ് ജനതാദള്‍ സെക്കുലറിന്റെ എൻജിനെന്നും അതില്ലാതെ പാർട്ടി അതിജീവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.