കർണാടകയില്‍ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ നാടുകടത്തുമെന്നും നിയമവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.”സംസ്ഥാനത്ത്, പ്രത്യേകിച്ച് ബംഗളൂരുവില്‍ താമസിക്കുന്ന അനധികൃത വിദേശ പൗരന്മാരെക്കുറിച്ചുള്ള ആശങ്ക വർധിച്ചുവരികയാണ്. അവരെ തിരിച്ചറിയാനുള്ള പരിശോധന നടന്നുവരികയാണ്.
ആരാണ് ഔദ്യോഗികമായി വന്നതെന്നും ആരാണ് അനൗദ്യോഗികമായി പ്രവേശിച്ചതെന്നും പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. കേന്ദ്ര സർക്കാർ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുള്ളതിനാല്‍ ഇവിടെ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ തിരിച്ചയക്കേണ്ടിവരും. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫിസ് ആയിരിക്കും നടപടിക്രമങ്ങള്‍ സ്വീകരിക്കുക” -മന്ത്രി വ്യക്തമാക്കി.
പാക്കിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ ധാരാളം ബംഗളൂരുവില്‍ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ആർ. അശോകന്റെ പരാമർശത്തിന് നിയമവിരുദ്ധമായി താമസിക്കുന്നവരെക്കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് പരമേശ്വര മറുപടി നല്‍കിയത്. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അവരെ കണ്ടെത്താൻ അധികാരികള്‍ നടപടിയെടുക്കും. നിലവില്‍ ഈ തീരുമാനം പാകിസ്താൻ പൗരന്മാർക്ക് മാത്രമേ ബാധകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബംഗളൂരു നഗരത്തിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി, സംസ്ഥാന, കേന്ദ്ര ഏജൻസികള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നതില്‍ സജീവ പങ്കാളികളാണെന്ന് പറഞ്ഞു. പലപ്പോഴും, അവർ സംസ്ഥാന പോലീസുമായി വിവരങ്ങള്‍ പങ്കിടുന്നു. സ്ലീപർ സെല്‍ പ്രവർത്തനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് വിവരങ്ങള്‍ ഇല്ലെങ്കിലും, കേന്ദ്ര ഏജൻസികള്‍ അത് ചെയ്യും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതിനാല്‍ അവർക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍, അത് ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ പോലുള്ള കേന്ദ്ര ഏജൻസികളുമായി പങ്കിടും. ഇത് സംസ്ഥാന, കേന്ദ്ര ഏജൻസികള്‍ തമ്മിലുള്ള ഏകോപനമാണ്. കലബുറഗിയില്‍ പൊതുവഴിയില്‍ പാകിസ്താൻ പതാകകള്‍ ഉയർത്തിയെന്നും തുടർന്ന് പൊലീസ് അത് നീക്കം ചെയ്തതെന്നുമുള്ള റിപ്പോർട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.