ഹൂബ്ലി: സർക്കാൻ നിയന്ത്രണങ്ങളിൽ നിന്നും ഹിന്ദു ക്ഷേത്രങ്ങളെ ഒഴിവാക്കി സ്വതന്ത്രമാക്കാൻ ആലോചിച്ച് കർണാടക സർക്കാർ. ഇതിനായി ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ഹൂബ്ലിയിൽ നടന്ന ദ്വിദിന ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മതപരിവർത്തന നിരോധനം നിയമമാക്കുന്നതിനുള്ള ബില്ല് അവതരിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.
നിയമം പ്രാബല്യത്തിൽ വന്നാൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് മേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത സംസ്ഥാന അസംബ്ലി സെഷനിൽ ബിൽ അവതരിപ്പിക്കുമെന്നും തീരുമാനം ചരിത്രമാകുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. മുതിർന്ന നേതാക്കളുടെ നിർദേശമനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരുടെയും ബ്യൂറോക്രാറ്റുകളുടെയും ഭരണം ഇനിയുണ്ടാകില്ല . ക്ഷേത്ര ഭരണ കാര്യങ്ങൾ സ്വന്തമായി ആലോചിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും ക്ഷേത്രചുമതലയുള്ളവർക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന മതപരിവർത്തന ബില്ലിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ നിയമമാകുമെന്ന് മാത്രമല്ല, അത് നടപ്പിലാക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.