ബെംഗളൂരു: പരമ്പരാഗത വസ്ത്രം ധരിച്ചെത്തുന്നവർക്ക് മാളുകളിലും വാണിജ്യസ്ഥാപനങ്ങളിലും പ്രയാസങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനായി മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ അറിയിച്ചു.മാഗഡി റോഡ് ജി.ടി. വേൾഡ് മാളിൽ മുണ്ടുടുത്തെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് എവിടെയും ആവർത്തിക്കപ്പെടരുതെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മകൻ്റെയൊപ്പം സിനിമകാണാനെത്തിയ ഹാവേരി സ്വദേശിയായ വയോധികനെ മാളിലെ സുരക്ഷാജീവനക്കാരൻ തടഞ്ഞത്.മുണ്ടുടുത്ത് കർഷക വേഷ ത്തിലെത്തിയതിനായിരുന്നു തടഞ്ഞത്.സംഭവത്തിനെതിരേ വൻ പ്രതിഷേധമുയർന്നതോടെ മാൾ അധികൃതർ കർഷകനെ മാളിൽ സ്വീക രിച്ച് ആദരിച്ചിരുന്നു.