സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശുചിത്വം പാലിക്കാനും കർണാടക സർക്കാർ ശനിയാഴ്ച പൊതുജനങ്ങളോട് അഭ്യർഥിച്ചു.കോവിഡ് കേസുകളില്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊതുജനാരോഗ്യ ശ്രമങ്ങളെ സജീവമായി പിന്തുണക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങള്‍ വഴി മാത്രം വിവരങ്ങള്‍ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങള്‍ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു.
ലക്ഷണങ്ങള്‍ നേരത്തേ റിപ്പോർട്ട് ചെയ്യണം. പനി, ചുമ, നെഞ്ചുവേദന അല്ലെങ്കില്‍ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടൻ വൈദ്യോപദേശം തേടണം. പരിശോധനയുമായി സഹകരിക്കുകയും നിരീക്ഷണത്തിനായി സാമ്ബ്ള്‍ ശേഖരിക്കാൻ അനുവദിക്കുകയും ചെയ്യണം.ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐ.എച്ച്.ഐ.പി) പോർട്ടലിന്റെ കമ്യൂണിറ്റി മോണിറ്ററിങ് ടൂള്‍ വഴി റിപ്പോർട്ട് ചെയ്യുക. രോഗികളായ കുട്ടികളെ സ്കൂളുകളിലേക്കോ പുറത്തേക്കോ അയക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു.രോഗലക്ഷണങ്ങള്‍ക്കായി വിദ്യാർഥികളെ നിരീക്ഷിക്കുക, ശുചിത്വം പ്രോത്സാഹിപ്പിക്കുക, ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക എന്നിവയിലൂടെ സ്കൂളുകളില്‍ നിരീക്ഷണം നടത്തണം.
ടോള്‍ ഫ്രീ ഹെല്‍പ് ലൈൻ നമ്ബറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം.ബംഗളൂരു: കർണാടകയില്‍ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ ആകെ കോവിഡ് മരണം നാലായി. ബംഗളൂരു നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 63കാരനാണ് വ്യാഴാഴ്ച മരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം അർബുദ ചികിത്സയിലായിരുന്നു.മേയ് 21നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പ്രതിരോധ വാക്സിൻ എടുത്തയാളായിരുന്നെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പില്‍ അറിയിച്ചു.
ബംഗളൂരുവിലെ രണ്ടാമത്തെ കോവിഡ് മരണംകൂടിയാണിത്. ബെളഗാവി, മൈസൂരു എന്നിവിടങ്ങളിലും ഒാരോ രോഗികള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.പുതുതായി 58 കോവിഡ് കേസുകള്‍കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 238 കോവിഡ് സജീവ കേസുകളാണുള്ളത്. ഇതില്‍ 225 പേർ ഭവന നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ശനിയാഴ്ച വൈകീട്ട് വരെ 420 പരിശോധനകള്‍ നടത്തി. ഇതില്‍ 354 ആർ.ടി.പി.സി.ആർ പരിശോധനയും 66 റാപിഡ് ടെസ്റ്റുകളും ഉള്‍പ്പെടും. 13.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 1.7 ശതമാനവും. ബംഗളൂരുവിലാണ് കൂടുതല്‍ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്