മൈക്രോഫിനാൻസ് കമ്ബനികളെ നിയന്ത്രിക്കാനുളള കർണാടക സർക്കാരിന്റെ ഓർഡിനൻസ് തള്ളി ഗവർണർ.കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടിന്റെ ഓഫീസ് വ്യക്തമാക്കി.10 വർഷം തടവും 5 ലക്ഷം രൂപ പിഴയും അംഗീകരിക്കാനാവില്ല.കമ്ബനികളെ നിയന്ത്രിക്കാൻ പൊലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിക്കാം. ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് കർണാടക രാജ്ഭവൻ അറിയിച്ചു. മൈക്രോ ഫിനാൻസ് കമ്ബനികളുടെ പീഡനം മൂലം ഇടപാടുകാർ ആത്മഹത്യ ചെയ്തതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്.
മൈക്രോഫിനാൻസ് കമ്ബനികളുടെ ചൂഷണത്തിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ ഇത്തരം കമ്ബനികളെ നിയന്ത്രിക്കാൻ ഓർഡിനൻസില്‍ കർശന വ്യവസ്ഥകളായിരുന്നു കർണാടക സർക്കാർ ഉള്‍പ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാല്‍ പത്തുവർഷംവരെ ജയില്‍ശിക്ഷയും അഞ്ചുലക്ഷം രൂപവരെ പിഴയും ഉറപ്പുവരുത്താൻ ഓർഡിനൻസില്‍ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോണ്‍ റിക്കവറിയെയും പുതിയ നിയമം ബാധിക്കുമെന്ന് ആശങ്കയുയർന്നിരുന്നു.
പാഴ്സല്‍ വാങ്ങിയ അല്‍ഫാമില്‍ പുഴുക്കള്‍; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
കോഴിക്കോട് കല്ലാച്ചിയില്‍ കാറ്ററിംഗ് യൂണിറ്റില്‍ നിന്നുവാങ്ങിയ അല്‍ഫാമില്‍ പുഴുക്കള്‍. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റില്‍ നിന്നുവാങ്ങിയ ചിക്കൻ അല്‍ഫാമിലാണ് പുഴുക്കള്‍ കണ്ടെത്തിയത്.ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പുഴുവരിച്ച പഴകിയ ഭക്ഷണം പിടികൂടി. തുടർന്ന് നോട്ടീസ് നല്കി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി.ഇവിടെ നിന്നും അല്‍ഫാം വാങ്ങി കഴിച്ച കുമ്മൻകോട് സ്വദേശിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
വയറുവേദന അനുഭവപ്പെട്ട യുവാവിനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കഴിച്ച അല്‍ഫാമില്‍ നിന്നും പുഴുക്കളെ കണ്ടെത്തി. തുടർന്ന് ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കുകയായിരുന്നു.ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിലും ദിവസങ്ങളോളം പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം സൂക്ഷിക്കുന്നതെന്നും കണ്ടെത്തി. തുടർന്നാണ് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടിയത്.