ബംഗളൂരു: സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ജന്തർ മന്ദിറില്‍ കർണാടക സർക്കാർ ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ ബുധനാഴ്ച പ്രതിഷേധ സമരം നടത്തും.
രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും എം.പിമാരും അണിചേരും. ബി.ജെ.പി ഇതര സർക്കാറുകളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് സമരലക്ഷ്യം.
കർണാടകയിലെ കോണ്‍ഗ്രസിന്റെ 135 എം.എല്‍.എമാർ, 28 എം.എല്‍.സിമാർ, ഒരു ലോക്സഭ എം.പി, അഞ്ചു രാജ്യസഭ എം.പിമാർ എന്നിവർക്കു പുറമെ, മണ്ഡ്യ മേലുക്കോട്ടെയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധിയുമായ ദർശൻ പുട്ടണ്ണയ്യയും സമരത്തില്‍ പങ്കെടുത്തേക്കും. കർണാടകയില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സമരത്തിനെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. കർണാടക ഭവനിലാണ് നേതാക്കള്‍ കഴിയുന്നത്. ജന്തർ മന്ദിറിലെ സമരസ്ഥലത്തെ മുന്നൊരുക്കങ്ങള്‍ ചൊവ്വാഴ്ച പകല്‍ ഉപമുഖ്യമന്ത്രിയും കർണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ നേരിട്ട് സന്ദർശിച്ചു വിലയിരുത്തിയിരുന്നു.
പതിനഞ്ചാം ധനകാര്യ കമീഷന് കീഴിലെ അഞ്ചു വർഷംകൊണ്ട് 1,87,000 കോടിയുടെ നഷ്ടമാണ് കർണാടകക്കുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമീഷന്റെ ഇടക്കാല റിപ്പോർട്ടില്‍ കർണാടകക്ക് 5495 കോടി അനുവദിച്ചെങ്കിലും അന്തിമറിപ്പോർട്ടില്‍ ധന മന്ത്രി നിർമല സീതാരാമൻ അത് ഒഴിവാക്കി. കർണാകയുടെ വിഹിതം ധനകാര്യ കമീഷൻ 1.7 ശതമാനം കുറക്കുകയും ചെയ്തു. പതിനാലാം ധനകാര്യ കമീഷനില്‍ 4.71 ശതമാനം ഫണ്ടാണ് കർണാടക്ക് ലഭിച്ചതെങ്കില്‍ പതിനഞ്ചാം ധനകാര്യ കമീഷനില്‍ 3.64 ശതമാനമാക്കി കുറച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന സമരം കർണാടകക്ക് വേണ്ടിയുള്ളതാണെന്നും സംസ്ഥാനത്തെ ബി.ജെ.പി ജനപ്രതിനിധികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.