ബംഗളൂരു: കൾണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരം ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത ആശയക്കുഴപ്പം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ശിവകുമാർ തുടങ്ങിയ നേതാക്കളുമായി വിഷയം ഡൽഹിയിൽ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയ ഖാർഗെ, നേതൃമാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പം ദൂരീകരിക്കുമെന്നും അറിയിച്ചു.നവംബർ 20ന് സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തീകരിച്ച നാളിലാണ് നേതൃമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഉപമുഖ്യമന്ത്രി ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് വരുമെന്നായിരുന്നു പ്രചാരണം. തുടർന്ന്, പാർട്ടിക്കുള്ളിൽ നേതാക്കൾ രണ്ടുപക്ഷം ചേർന്ന് പ്രസ്താവനകൾ നടത്തിയതോടെ, വിഷയം വിവാദമായി.ഏതാനും എം.എൽ.എമാർ ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ കാണുകയും ചെയ്തു. തുടർന്നാണ്, ഖാർഗെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. അതിനിടെ, താനുമായി അടുപ്പമുള്ള മുതിർന്ന നേതാക്കളുമായി സിദ്ധരാമയ്യ വ്യാഴാഴ്ച ഔദ്യോഗിക വസതിയിൽ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ടുണ്ട്.