ബെംഗളൂരു: കർണാടകയില്‍ സ്ഥിരം, കരാർ, ഔട്ട്‌സോഴ്‌സ് ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള എല്ലാ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഇനി പ്രതിമാസം ഒരു ദിവസത്തെ ആർത്തവ അവധിക്ക് അർഹതയുണ്ടായിരിക്കും.ആർത്തവാവധി നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഐടി, ഐടിഇഎസ് കമ്ബനികളെയും കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.”1948 ലെ ഫാക്ടറി നിയമം, 1961 ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 1951 ലെ പ്ലാന്റേഷൻ തൊഴിലാളി നിയമം, 1966 ലെ ബീഡി സിഗാർ തൊഴിലാളി (തൊഴില്‍ വ്യവസ്ഥ) നിയമം, 1961 ലെ മോട്ടോർ വാഹന തൊഴിലാളി നിയമം എന്നിവ പ്രകാരം 18 നും 52 നും ഇടയില്‍ പ്രായമുള്ള എല്ലാ വനിതാ ജീവനക്കാർക്കും വർഷത്തില്‍ 12 ശമ്ബളത്തോടുകൂടിയ അവധി നല്‍കാൻ തൊഴിലുടമകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്,” എന്ന് ഉത്തരവില്‍ പറയുന്നു.ആർത്തവാവധി അതതു മാസങ്ങളില്‍ തന്നെയെടുക്കണം. ഒന്നിച്ച് എടുക്കാനാവില്ല. മെഡിക്കല്‍ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതില്ല. ക്രൈസ്റ്റിലെ (ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി) ഡോ. സപ്ന എസ് നേതൃത്വം നല്‍കുന്ന 18 അംഗ കമ്മിറ്റിയാണ് ഈ നയം രൂപീകരിച്ചത്. തുടക്കത്തില്‍ പ്രതിവർഷം ആറ് ആർത്തവ അവധികള്‍ ശുപാർശ ചെയ്തിരുന്നു, എന്നാല്‍ പിന്നീട് തൊഴില്‍ വകുപ്പ് ഈ വ്യവസ്ഥ 12 ആയി ഉയർത്തി സർക്കാരിന് സമർപ്പിക്കുകയായിരുന്നു.