പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 നിരപരാധികളുടെ ജീവൻ നഷ്ടമായതിന്റെ നടുക്കത്തിലും വേദനയിലുമാണ് രാജ്യം.ആക്രമണം നടത്തിയ ഭീകരരെ ജീവനോടെ പിടികൂടാനും പിന്തുണ നല്‍കിയ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാനും തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇതിനിടെ ഭീകരരുടെ തോക്കിൻമുനയില്‍ നിന്ന് മുടി കാരണം രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് കർണാടകയില്‍ നിന്നുള്ള കുടുംബം.ഏപ്രില്‍ 22നാണ് ഹെഗ്‌ഡെ കുടുംബം പഹല്‍ഗാമിലെ ബൈസാരൻ പുല്‍മേട്ടിലെത്തിയത്.
പ്രദീപ് ഹെഗ്‌ഡെ, ഭാര്യ ശുഭ ഹെഗ്‌ഡെ, മകൻ സിദ്ധാന്ത് എന്നിവർ ഏപ്രില്‍ 21ന് ശ്രീനഗറിലെത്തി. പിറ്റേന്ന് രാവിലെ പഹല്‍ഗാമിലേയ്ക്ക് തിരിച്ചു. മൂന്ന് കുതിരകളിലായാണ് കുടുബം കുന്നിൻ മുകളിലെത്തിയത്. മഴ പെയ്‌ത് റോഡ് നാശമായതിനാല്‍ ഒന്നേക്കാല്‍ മണിക്കൂറെടുത്തിയിരുന്നു സ്ഥലത്തെത്താൻ. കുന്നിൻ മുകളിലാക്കിയതിനുശേഷം കുറച്ച് സമയം കഴിഞ്ഞ് തിരികെയെത്തി കൊണ്ടുപോവുകയാണ് ബൈസാരനിലെ കുതിരക്കാർ ചെയ്യുന്നത്.
കുന്നിൻ പ്രദേശത്തെത്തിയപ്പോള്‍ അവിടെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതായി പ്രദീപ് പറഞ്ഞു. ‘സിപ്പ്‌ലൈൻ തുടങ്ങുന്നതിന് സമീപത്തായി കുറച്ച് ഒഴിഞ്ഞ സ്ഥമുണ്ടായിരുന്നു. ചിത്രങ്ങളെടുക്കാനും മറ്റും ഒരുമണിക്കൂർ അവിടെ ചെലവഴിച്ചു. സാഹസികമായ ഗെയിമുകള്‍ നടത്തുന്ന സ്ഥലത്തേക്ക് പോകാനായിരുന്നു അടുത്ത പ്ളാൻ. അവിടെ ചില സ്റ്റാളുകളും ഉണ്ടായിരുന്നു. ഏകദേശം ഒന്നേമുക്കാലോടെ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു.
എന്നാല്‍ മകൻ വിശക്കുന്നുവെന്ന് പറഞ്ഞു. പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞെങ്കിലും അവൻ വാശി പിടിച്ചു. തുടർന്ന് നമ്മള്‍ ആഹാരം വില്‍ക്കുന്ന കടയിലെത്തി. ഇതിനിടെ ഭാര്യ ശുചിമുറിയിലേയ്ക്ക് പോയി. 500 മീറ്റർ അകലെയായിരുന്നു അത്. ഈ സമയംകൊണ്ട് ഞാനും മകനും ഭക്ഷണം കഴിച്ചിരുന്നു. തിരികെയെത്തിയ ഭാര്യ പെട്ടെന്ന് കഴിച്ചു.കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് ആദ്യത്തെ വെടിയൊച്ച കേട്ടത്. അത് ബുള്ളറ്റ് ആണെന്ന് മനസിലായില്ല.
മൃഗങ്ങളെ അകറ്റാൻ പടക്കം പൊട്ടിച്ചതെന്നാണ് കരുതിയത്. കടക്കാരനും അങ്ങനെ തന്നെയായിരുന്നു പറഞ്ഞത്. 20 സെക്കൻഡുകളോളം കഴിഞ്ഞപ്പോള്‍ വലിയ തോക്കുകളുമായി രണ്ടുപേരെ കണ്ടു. നിർത്താതെ വെടിയുതിർക്കുകയായിരുന്നു അവർ. തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല. പിന്നാലെ നമ്മളും നിലത്ത് കിടന്നു. ഈ സമയത്ത് മേശപുറത്തായിരുന്നു ബാഗ് എടുക്കാൻ ഭാര്യ ശ്രമിച്ചു. ബാഗ് എടുക്കാനായി എഴുന്നേറ്റപ്പോള്‍ വലത് ചെവിക്ക് സമീപത്തുകൂടി എന്തോ പോയതായി തോന്നി. അതൊരു ബുള്ളറ്റ് ആയിരുന്നു’- പ്രദീപ് പങ്കുവച്ചു.
ബാഗ് എടുക്കാനായി കുനിഞ്ഞപ്പോള്‍ എന്തോ ഒരു സാധനം മുടിയില്‍ തട്ടിയതായി തോന്നി. ബുള്ളറ്റ് ആണതെന്ന് മനസിലായില്ല. ദൈവമാണ് എന്നെ രക്ഷിച്ചത്. എന്നാല്‍ അവർ ഭയക്കുമെന്ന് കരുതി ഇക്കാര്യം ഞാൻ എന്റെ ഭർത്താവിനോടും മകനോടും അപ്പോള്‍ പറഞ്ഞില്ല’- ശുഭ ഹെഗ്‌ഡെ വെളിപ്പെടുത്തി