ബെംഗളൂരു: കർണാടകയില്‍ ഇലക്‌ട്രിക് കാറുകള്‍ വാങ്ങുന്നതിന് ഇനി ചെലവേറും. ബാറ്ററിയില്‍ പ്രവർത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന 100% റോഡ് ടാക്സ് ഇളവ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.എന്നാല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് തുടരും.പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില വർധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇലക്‌ട്രിക് വാഹന മേഖലയ്ക്ക് തിരിച്ചടിയാകുന്ന ഈ തീരുമാനം വരുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ‘കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്‍ 2026’-ന്റെ ഭാഗമാണ് ഈ നിർദ്ദേശം. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കാറിന്റെ വിലയ്ക്ക് അനുസരിച്ചായിരിക്കും ലൈഫ് ടൈം ടാക്സ് ഈടാക്കുക.
10 ലക്ഷം രൂപ വരെ: 5% നികുതി. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ: 8% നികുതി. 25 ലക്ഷത്തിന് മുകളില്‍: നിലവിലുള്ള 10% നികുതി തുടരും. ഉദാഹരണത്തിന്, 20 ലക്ഷം രൂപ വിലയുള്ള ഒരു കാറിന് ഏകദേശം 1.6 ലക്ഷം രൂപ നികുതിയായി അധികം നല്‍കേണ്ടി വരും. പുതിയ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഈ നികുതി ബാധകമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികള്‍ക്കായി വൻതോതില്‍ പണം ചെലവാകുന്ന സാഹചര്യത്തില്‍ വരുമാനം വർധിപ്പിക്കാനാണ് ഈ നീക്കം. 2026-27 സാമ്പത്തിക വർഷത്തില്‍ ഗതാഗത വകുപ്പിന് 15,500 കോടി രൂപയുടെ വരുമാന ലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. ഇലക്‌ട്രിക് കാറുകള്‍ക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ പ്രതിവർഷം 259 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 മുതലാണ് കർണാടക ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ 2024 മെയ് മാസത്തില്‍ ലക്ഷ്വറി ഇലക്‌ട്രിക് കാറുകള്‍ക്ക് 10% നികുതി ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഈ നയത്തില്‍ മാറ്റം വരുത്തി. ഇപ്പോള്‍ എല്ലാ വിഭാഗം ഇലക്‌ട്രിക് കാറുകളെയും നികുതി പരിധിയില്‍ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.