ബംഗളൂരു: കര്‍ണാടക ആര്‍ക്കൊപ്പം എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യഫലസൂചനകള്‍ അരമണിക്കൂറില്‍ തന്നെ അറിയാനാകും. ഉച്ചയാകുമ്ബോഴേക്കും ചിത്രം വ്യക്തമാകും.
ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളില്‍ നേരിയ മുന്നേറ്റം പ്രവചിച്ചത് കോണ്‍ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.
വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഏഴെണ്ണം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.നാലു ഫലങ്ങള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നല്കി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതില്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാല്‍, ജെഡിഎസ്സിന്റെ നിലപാട് നിര്‍ണായകമാകും.
122 മുതല്‍ 140 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസര്‍ച് കോണ്‍ഗ്രസിന് 106 മുതല്‍ 120 സീറ്റുകള്‍ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവര്‍ണ ന്യൂസ്- ജന്‍ കീ ബാത്, ന്യൂസ് നേഷന്‍- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്. 224 അംഗ നിയമസഭയില്‍ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
കർണാടകത്തിൽ ജനത്തിന് ‘ഷോക്ക്’; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു
ബെംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ ഉത്തരവിറക്കി. വില വർദ്ധന മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. ഏപ്രിൽ ഒന്ന് മുതൽ വില വർദ്ധന ബാധകമാകുമെന്ന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വ്യാവസായിക ഉപഭോഗം ശക്തിപ്പെടുത്തുന്നതിനായി യൂണിറ്റിന് ആറ് രൂപയായിരുന്ന വൈദ്യുതി നിരക്ക് അഞ്ച് രൂപയാക്കി കുറച്ചു. ഇലക്ട്രിക് വാഹന ഉപയോഗം ശക്തിപ്പെടുത്താൻ ഇവി ചാർജിങ് സ്റ്റേഷനുകൾക്കുള്ള നിരക്ക് യൂണിറ്റിന് അഞ്ച് രൂപയെന്ന നിലവിലെ നിലയിൽ നിന്ന് നാലര രൂപയാക്കി കുറച്ചു. സംസ്ഥാനത്ത് ഡാറ്റാ സെന്ററുകൾ പ്രോത്സാഹിപ്പിക്കാൻ വ്യാവസായിക വൈദ്യുതി നിരക്കായ അഞ്ച് രൂപ യൂണിറ്റിന് എന്നത് ഡാറ്റാ സെന്ററുകൾക്കും ബാധകമാക്കി. ഒരു വർഷത്തേക്ക് കൂടി എംഎസ്എംഇകൾക്ക് യൂണിറ്റിന് 50 പൈസ ഇളവ് തുടരും.