ന്യൂഡല്‍ഹി: ശനിയാഴ്ച പുറത്തുവരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുഫലം പല കാരണങ്ങളാല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകം. അടുത്ത വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പുതിയ കേന്ദ്ര സര്‍ക്കാറിനെ പ്രതിഷ്ഠിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വിവിധ പ്രാദേശിക പാര്‍ട്ടികള്‍ മനോഗതി രൂപപ്പെടുത്തുന്നതില്‍ കര്‍ണാടക ഫലം ഏറെ സ്വാധീനം ചെലുത്തും.
അതുകൊണ്ടുതന്നെ, ബി.ജെ.പിയും കോണ്‍ഗ്രസും ഏറെ ആകാംക്ഷയോടെയാണ് ഫലത്തിലേക്ക് ഉറ്റുനോക്കുന്നത്. സര്‍വേ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കിയാല്‍ പ്രതിപക്ഷചേരിക്ക് ഒന്നാകെ അത് ആവേശം നല്‍കും.
ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന വെവ്വേറെ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗമുണ്ടാകും.
മോദി സര്‍ക്കാറിന്‍റെ ഭരണകാലത്ത് ഭരണം രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നീ രണ്ടു സംസ്ഥാനങ്ങളിലേക്ക് ഒരു ഘട്ടത്തില്‍ ചുരുങ്ങിപ്പോയ അവസ്ഥയില്‍നിന്നൊരു വീണ്ടെടുപ്പിന്‍റെ ആത്മവിശ്വാസം കോണ്‍ഗ്രസിന് ലഭിക്കും. നേര്‍ക്കുനേര്‍ മത്സരം നടന്ന ഹിമാചല്‍പ്രദേശിനു പുറമെ കര്‍ണാടകയുംകൂടി കിട്ടിയാല്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാലായി വര്‍ധിക്കും.
പ്രതിപക്ഷ ഐക്യനീക്കങ്ങളില്‍ കോണ്‍ഗ്രസിന്‍റെ വാക്കുകള്‍ക്ക് മൂല്യം നിശ്ചയിക്കുന്ന ഫലംകൂടിയാവും കര്‍ണാടക. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സംസ്ഥാനത്തെ പോരാട്ടത്തില്‍ കഴിയാവുന്നത്ര ഊര്‍ജം പാര്‍ട്ടി ചെലവഴിച്ചു. അത് വിജയത്തിലേക്കു നയിക്കുന്നുവെങ്കില്‍, ഭാവി തെരഞ്ഞെടുപ്പുകളിലെ ഏകോപനത്തിനുകൂടി വഴിതുറക്കും.
അഴിമതി ആരോപണങ്ങളും പാര്‍ട്ടിയിലെ അനൈക്യവും മറികടക്കാന്‍ കഴിഞ്ഞാല്‍, കര്‍ണാടക ബി.ജെ.പിക്ക് തെക്കേ ഇന്ത്യയിലെ പുതിയ കരുനീക്കങ്ങളുടെ തുരുത്തായി മാറും. തെക്കേ ഇന്ത്യന്‍ സ്വാധീനം വിപുലപ്പെടുത്താന്‍ കര്‍ണാടകയിലോ തമിഴ്നാട്ടിലോ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം നയിച്ച കര്‍ണാടക തെരഞ്ഞെടുപ്പ്.
തോല്‍വി മണത്ത ബി.ജെ.പി വിഭാഗീയതയുടെ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു. അതിന്‍റെ ഉരകല്ലുകൂടിയാണ് കര്‍ണാടക. ദേശീയതലത്തില്‍ കൂടുതല്‍ സഖ്യകക്ഷികള്‍ക്കായി വലവീശാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജക ഔഷധമാക്കി കര്‍ണാടകയിലെ വിജയം ബി.ജെ.പി മാറ്റും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ജനതാദള്‍-യു, ശിവസേന, ശിരോമണി അകാലിദള്‍ എന്നിങ്ങനെ ബി.ജെ.പി ബന്ധം മുറിച്ച കക്ഷികള്‍ പലതാണ്. ജനതാദള്‍-എസിന് കിങ്മേക്കര്‍ റോള്‍ കിട്ടിയാല്‍ സാഹചര്യങ്ങള്‍ മാറിമറിയുന്ന സ്ഥിതി കര്‍ണാടകക്ക് ഉണ്ടാകാമെന്നതുപോലെ, പ്രാദേശിക കക്ഷി നിലപാടുകളെയും അതു സ്വാധീനിക്കും.
കോണ്‍ഗ്രസിനൊപ്പം ജെ.ഡി.എസ് ചേരുന്നത് സ്വാഭാവികമായും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും. ജെ.ഡി.എസിന്‍റെ മറിച്ചുള്ള നീക്കങ്ങള്‍ ബി.ജെ.പിയോട് മമത പുലര്‍ത്തുന്ന നവീന്‍ പട്നായക്, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ക്ക് അതേ നയം തുടരാനൊരു പുതിയ കാരണമാകും.
നവംബറില്‍ നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മനോബലത്തെയും കര്‍ണാടക ഫലം സ്വാധീനിക്കും. ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബി.ജെ.പി ഭരണം. അതേസമയം, തെലങ്കാനയില്‍ ഒഴികെ ഭരണകക്ഷിയെ ഇഞ്ചോടിഞ്ച് നേരിടാന്‍ കെല്‍പുണ്ട്.
കർണാടകയിൽ വൈദ്യതിനിരക്കുവർധന പ്രാബല്യത്തിൽ
ബെംഗളൂരു: വോട്ട് പെട്ടിയിലായതിനുപിന്നാലെ ജനത്തിന് ഇരുട്ടടിയായി വൈദ്യുതിനിരക്ക് വർധിപ്പിച്ച് കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ. യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനയാണ് വരുത്തിയത്. സാധാരണക്കാരുടെ വൈദ്യുത ബില്ലിൽ മാസം 40 മുതൽ 70 രൂപ വരെ വർധിക്കും. നിരക്കുവർധന വെള്ളിയാഴ്ചയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നുമുതൽ മുൻ കാലപ്രാബല്യത്തോടെയാണ് വർധന.
നിരക്കുവർധനയ്ക്ക് ഒരുവർഷം മുമ്പ് പദ്ധതി തയ്യാറാക്കിയതാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീട്ടിവെക്കുകയായിരുന്നു. കഴിഞ്ഞമാസം ഇതിന് ഉത്തരവ് തയ്യറാക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാമത്തെദിവസമാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരുദിവസംമുമ്പ് പ്രഖ്യാപിച്ചതിനാൽ നിരക്കുവർധനയുടെ പഴി പുതിയ സർക്കാരിന് കേൾക്കേണ്ടിവരില്ല.
30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധന കുറവാണ്. 30 മുതൽ 100 വരെ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ കൂടുതൽ തുക നൽകണം. 100 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവരെ ഉയർന്ന സ്ലാബിൽ ഉൾപ്പെടുത്തും. ഇവരുടെ വൈദ്യുതി നിരക്ക് കുറച്ചുകൂടി ഉയർന്നതാകും.