ബംഗളൂരു: കുറഞ്ഞത് 15 സീറ്റെങ്കിലും ലക്ഷ്യമിട്ട് പ്രചാരണം നടത്തിയ കോണ്‍ഗ്രസിന് കർണാടകയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാകാതിരുന്നതോടെ കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പ്രതിസന്ധി മുനയില്‍.
നിയമസഭ തെരഞ്ഞെടുപ്പില്‍ തകർപ്പൻ പ്രകടനം നടത്തിയ കോണ്‍ഗ്രസിന് അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഒരു വർഷത്തിനിപ്പുറം ആ സ്വാധീനം കുറയുമ്ബോള്‍, ശിവകുമാറിന്റെ മുഖ്യമന്ത്രിപദവി എന്ന സ്വപ്നത്തിനുമേലും കരിനിഴല്‍ വീഴുകയാണ്.
ലിംഗായത്, വൊക്കലിഗ വോട്ടുകള്‍ കൈവിട്ടതാണ് കോണ്‍ഗ്രസിന്റെ പ്രകടനത്തെ സാരമായി ബാധിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന പഴയ മൈസൂരു മേഖലയടങ്ങുന്ന തെക്കൻ കർണാടകയിലായിരുന്നു കോണ്‍ഗ്രസ് കാര്യമായി നോട്ടമിട്ടിരുന്നത്. വൊക്കലിഗ ബെല്‍റ്റായി അറിയപ്പെടുന്ന മേഖലയില്‍ 14ല്‍ രണ്ടു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്; ചാമരാജ് നഗറും ഹാസനും. പ്രതീക്ഷയർപ്പിച്ച ബംഗളൂരു റൂറല്‍, കോലാർ, ചിക്കബല്ലാപുര, തുമകുരു എന്നിവിടങ്ങളില്‍ തോല്‍വി വഴങ്ങി.
കോണ്‍ഗ്രസ് നിർത്തിയ ആറു വൊക്കലിഗ സ്ഥാനാർഥികളില്‍ അഞ്ചുപേരും തോറ്റു. ദേവഗൗഡ നിറം മങ്ങുമ്ബോള്‍ വൊക്കലിഗ സമുദായത്തില്‍ നിയന്ത്രണമുള്ള നേതാവായി ഉയരാനുള്ള ഡി.കെ. ശിവകുമാറിന്റെ പദ്ധതികള്‍ക്കു കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തടയിട്ടത്. ബംഗളൂരു റൂറലില്‍ ബി.ജെ.പിയോടേറ്റ തോല്‍വി ശിവകുമാറിനും സഹോദരൻ ഡി.കെ. സുരേഷിനും ഒരുപോലെ കനത്ത പ്രഹരമാണ്.
സംസ്ഥാനത്തെ 27 സീറ്റില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണ പദ്ധതികള്‍ ആസൂത്രണംചെയ്ത ‘എദ്ദേളു കർണാടക’ പോലും ബംഗളൂരു റൂറല്‍ സീറ്റ് ഒഴിവാക്കിയത് ശിവകുമാറിന്റെ നേതൃപരമായ കഴിവ് മുന്നില്‍ക്കണ്ടായിരുന്നു. എന്നാല്‍, ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനായ ഡോ. സി.എൻ. മഞ്ജുനാഥിനെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിച്ച സഖ്യതന്ത്രം ഫലം കണ്ടു.
ദേവഗൗഡയുടെ കുടുംബാംഗമെന്ന നിലയില്‍ ജെ.ഡി-എസിന്റെയും പാർട്ടി സ്ഥാനാർഥിയെന്ന നിലയില്‍ ബി.ജെ.പിയുടെയും വോട്ടുകള്‍ പൂർണമായും സി.എൻ. മഞ്ജുനാഥിലെത്തി. മാണ്ഡ്യയില്‍നിന്ന് എച്ച്.ഡി. കുമാരസ്വാമിയും ബംഗളൂരു റൂറലില്‍നിന്ന് ഡോ. സി.എൻ. മഞ്ജുനാഥും ജയിച്ചാല്‍ വൊക്കലിഗ സമുദായത്തില്‍നിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ എന്ന പ്രചാരണവും സ്വാധീനിക്കപ്പെട്ടു.
അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കർണാടകയിലെ 14 സീറ്റില്‍ ഏഴെണ്ണം കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനായി. ഇതില്‍ ബെള്ളാരിയും കലബുറഗിയുമടക്കം അഞ്ചു സീറ്റുകള്‍ പിന്നാക്ക മേഖലയായ കല്യാണ കർണാടകയിലേതാണ് (പഴയ ഹൈദരാബാദ് കർണാടക). ലിംഗായത് ഭൂരിപക്ഷ മേഖലയായ കിറ്റൂർ കർണാടകയിലെ ഏഴില്‍ ഒരു മണ്ഡലം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്- ചിക്കോടി.
മധ്യ കർണാടകയിലെ ദാവൻകരെയും തിരിച്ചുപിടിച്ചു. തീരദേശ സീറ്റുകള്‍ പതിവുപോലെ ബി.ജെ.പിക്കൊപ്പം നിന്നു. ജയിച്ച ഒമ്ബതില്‍ നാലുപേരും സംവരണ സീറ്റില്‍ മത്സരിച്ചവരായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ 1999നുശേഷം കോണ്‍ഗ്രസിന് രണ്ടക്കം കാണാനായിട്ടില്ല.
സംസ്ഥാന സർക്കാറിന്റെ ഗാരന്റി പദ്ധതികളും കേന്ദ്രസർക്കാറിനെതിരായ ജനവികാരവും വോട്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും വ്യത്യസ്ത ഫലം നല്‍കുന്ന കർണാടകയുടെ ജനവിധി ഇക്കുറിയും തെറ്റിയില്ല.