ബംഗളൂരു: കർണാടകയിലെ രണ്ടാം ഘട്ട, രാജ്യത്തെ മൂന്നാം വട്ട ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു.
തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. സംസ്ഥാനത്ത് മൊത്തമുള്ള 28 ലോക്സഭ മണ്ഡലങ്ങളില്‍ 14 എണ്ണത്തില്‍ കഴിഞ്ഞ മാസം 26ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ശേഷിക്കുന്ന 14 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.
വിവാദ പരശുരാമൻ പ്രതിമയുടെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കുന്നു
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാർക്കില്‍ തകർന്ന പരശുരാമൻ പ്രതിമയുടെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കുന്നു. നിർമാണത്തിലെ ക്രമക്കേടാണോ പ്രതിമ തകരാൻ കാരണമെന്ന് അന്വേഷിക്കുന്നതിനിടെയാണ് പൊളിക്കല്‍ നടപടി.
മുൻ ഊർജ മന്ത്രിയും കാർക്കള എം.എല്‍.എയുമായ വി. സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയർത്തിയ ആരോപണങ്ങളേയും പരാതിയേയും തുടർന്ന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിപ്പിക്കുകയായിരുന്നു. അന്വേഷണം പുനരാരംഭിച്ചില്ലെങ്കില്‍ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർട്ടി പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് കാർക്കള ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ കോണ്‍ഗ്രസ് അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കർ, യൂത്ത് കോണ്‍ഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപാട്ട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചതിനെത്തുടർന്നായിരുന്നു കേസ് സി.ഐ.ഡിക്ക് കൈമാറിയത്. നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തുകൊണ്ടുവന്നിരുന്നത്.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എല്‍.എ വി. സുനില്‍ കുമാർ തന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്. തീം പാർക്കിലേക്ക് വിനോദസഞ്ചാരികളെ വിലക്കി കാർക്കള തഹസില്‍ദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികള്‍ക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഭൂനിരപ്പില്‍ നിന്ന് 50 അടി ഉയരത്തില്‍ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടണ്‍ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. പ്ലാസ്റ്റിക് മറയുടെ അകം ഇപ്പോള്‍ ശൂന്യമാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവും കാർക്കള കോർപറേഷൻ കൗണ്‍സിലറുമായ ശുഭത റാവു ആവർത്തിച്ചു. അരക്ക് മുകളിലുള്ള ഭാഗം പ്രതിമയില്‍ കാണാനില്ല. തീം പാർക്ക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികള്‍ക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിന് എതിരെയും ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു.
10 കോടി രൂപ ചെലവില്‍ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 450 അടി ഉയരത്തിലുള്ള മലയില്‍ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങള്‍ പാർക്കിലുണ്ട്. പാർക്കില്‍ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിർമാണ സാമഗ്രികള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയില്‍ ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയും പരാതി നല്‍കുകയും ചെയ്തതിനെത്തുടർന്ന് ചുമത്തിയ കേസിന്റെ അന്വേഷണം നിർത്തിവെക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുക്കുകയുമാണ് പൊലീസ് ചെയ്തിരുന്നത്.