Home Featured അനിശ്ചിതത്വം നിറഞ്ഞ് കര്‍ണാടക : ചായുന്ന പെന്‍ഡുലം മനഃസ്ഥിതി

അനിശ്ചിതത്വം നിറഞ്ഞ് കര്‍ണാടക : ചായുന്ന പെന്‍ഡുലം മനഃസ്ഥിതി

by admin

സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ഹരികൃഷ്ണന്‍സിന്റെ സ്ഥിതിയാണ് കര്‍ണാടകത്തില്‍.ജൂഹി ചാവ്‌ള ആരെ വിവാഹം കഴിക്കുമെന്ന് പറയാനാകാത്ത സ്ഥിതി! കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ കടുത്ത പോരാട്ടത്തിലാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തൂക്കുസഭ നല്‍കിയ ജനങ്ങള്‍ക്ക് ഇക്കുറിയും അതേ മനസാണെന്ന് തോന്നുന്നു. വര്‍ഗീയത പറയുമ്ബോള്‍ ബി.ജെ.പിയിലേക്കും അഴിമതിവാര്‍ത്ത കേള്‍ക്കുമ്ബോള്‍ കോണ്‍ഗ്രസിലേക്കും ചായുന്ന പെന്‍ഡുലം മനഃസ്ഥിതിയാണ് വോട്ടര്‍മാര്‍ക്ക്. എങ്കിലും തുടക്കത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍കൈ നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം കണ്ടിരിക്കുന്ന ജനതാദള്‍ വോട്ടെണ്ണല്‍ കഴിയുമ്ബോള്‍ തങ്ങള്‍ രാജാവാകുമെന്ന സ്വപ്നത്തിലാണ്. പത്തിനാണ് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ 13നും.

വോട്ടെടുപ്പിന് മുമ്ബുള്ള സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ഏറ്റവും വലിയ കക്ഷി ഇക്കുറി കോണ്‍ഗ്രസായിരിക്കുമെന്നാണ് ഏതാണ്ട് എല്ലാ സര്‍വേകളും ഉറപ്പിച്ച്‌ പറയുന്നുണ്ട്. പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസാണ് മുന്നിലെങ്കിലും പ്രകടനത്തില്‍ ബി.ജെ.പിക്കാണ് കരുത്ത്. ദളിന്റെ കോട്ടയില്‍ പക്ഷേ രണ്ടുപേര്‍ക്കും കാര്യമായ ചലനമുണ്ടാക്കാനായിട്ടുമില്ല. മൈസൂരും മണ്ഡ്യയും ഹാസനും രാംനഗരവുമടക്കമുള്ള വൊക്കലിഗ കോട്ടയില്‍ ഇന്നും രാജാവ് കുമാരസ്വാമി തന്നെ. പക്ഷേ നിയമസഭയില്‍ രാജാവാകണമെങ്കില്‍ 224ല്‍ 113 സീറ്റ് വേണം.

കര്‍ണാടകത്തിലെ നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു പേരുകളാണുള്ളത്. സിദ്ധരാമയ്യയും ബി.എസ്.യെദിയൂരപ്പയും. യെദിയൂരപ്പ പാര്‍ട്ടി പറഞ്ഞതനുസരിച്ച്‌ വിരമിച്ചുകഴിഞ്ഞു. അതോടെ കളത്തില്‍ സിദ്ധരാമയ്യ മാത്രമാണുള്ളത്. രണ്ടാം നിരയില്‍ ബസവരാജ് ബൊമ്മെ, എച്ച്‌.ഡി.കുമാരസ്വാമി, ഡി.കെ.ശിവകുമാര്‍, ജി.പരമേശ്വര, ജഗദീഷ് ഷെട്ടാര്‍ എന്നിവരുമുണ്ട്. സാഹചര്യമനുസരിച്ച്‌ നറുക്ക് ആര്‍ക്കും വീഴാം. ആ സമയത്ത് പാര്‍ട്ടി ബലവും ജാതിയും എല്ലാം നിര്‍ണായകമാകും.

കോണ്‍ഗ്രസിനെ അന്തഃഛിദ്രം കുഴയ്ക്കുന്നു

ഭരണം ഉറപ്പാണെന്ന വിചാരത്തില്‍ രണ്ടുനേതാക്കള്‍ ഒരേമനസോടെ മുഖ്യമന്ത്രി പദവിയില്‍ നോട്ടമിട്ടതാണ് കോണ്‍ഗ്രസിലെ അന്തഃഛിദ്രത്തിന് കാരണം. ജനസമ്മതി സിദ്ധരാമയ്യയ്ക്കാണ്. എന്നാല്‍ തന്ത്രശാലി ഡി.കെ.ശിവകുമാറാണ്. പണത്തിന്റെ ശക്തിയും അദ്ദേഹത്തിനുണ്ട്. മത്സരിക്കുന്നവരില്‍ ഭൂരിപക്ഷവും ശിവകുമാറിനെ ഏതെങ്കിലും ഒരുതരത്തില്‍ ആശ്രയിക്കുന്നുണ്ട്. വലിയ സമുദായമായ വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള ശിവകുമാറിന് ജാതിബലവും കൂടും. വൊക്കലിഗക്കാരന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിട്ട് കാലമേറെയായി. എസ്.എം.കൃഷ്ണയാണ് അവസാനത്തെ വൊക്കലിഗ മുഖ്യമന്ത്രി.

ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം മൈസൂര്‍, ബംഗളൂരു, മംഗളൂരു മേഖലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകിയിട്ടുണ്ട് എന്നത് സത്യം. ഹൈക്കമാന്‍ഡുമായി അടുപ്പവും ശിവകുമാറിന് തന്നെ. വൊക്കലിഗ എം.എല്‍.എമാര്‍ കുറയണമെന്ന് സിദ്ധരാമയ്യ അനുകൂലികള്‍ രഹസ്യമായെങ്കിലും ആഗ്രഹിക്കുന്നുണ്ട്. മറുചേരിയില്‍ സിദ്ധരാമയ്യ ദുര്‍ബലമാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇത് കോണ്‍ഗ്രസിനെ കുറെയെങ്കിലും ദുര്‍ബലമാക്കുന്നു. ഇൗ പ്രശ്നങ്ങള്‍ മൂലം സിദ്ധരാമയ്യയ്ക്ക് സ്വന്തം മണ്ഡലമായ മൈസൂരിലെ വരുണയില്‍നിന്ന് മാറിനില്‍ക്കാനാകാത്ത സ്ഥിതിയാണ്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന സിദ്ധരാമയ്യയുടെ നിര്‍ദ്ദേശം പാര്‍ട്ടി തള്ളിയതിന് പിന്നിലും ഇതേ കാരണങ്ങളാണുള്ളത്. സിദ്ധരാമയ്യ അനിവാര്യമല്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഹൈക്കമാന്‍ഡിന്റെ നിലപാടും അങ്ങനെ തന്നെയെന്നാണ് അത് വ്യക്തമാക്കുന്നത്. ജാതി ന്യൂനപക്ഷമായ കുറുബ സമുദായത്തില്‍ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ദേവഗൗഡ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമനായിരുന്ന സിദ്ധരാമയ്യ ദള്‍ വിട്ട് കോണ്‍ഗ്രസില്‍ എത്തിയതുപോലും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതിന്റെ പേരിലായിരുന്നു. ഇൗ സ്ഥാനത്തര്‍ക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും കോണ്‍ഗ്രസില്‍ പുകയുന്നുണ്ട്. അതേസമയം കടുത്ത അഴിമതിയില്‍ മുങ്ങിയ സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് സിദ്ധരാമയ്യയെന്ന ആദര്‍ശവാനായ നേതാവാണ്. ഡി.കെ.ശിവകുമാറിന് അത്തരം പരിവേഷമില്ല. കേരളത്തിലെ എ.കെ.ആന്റണിയെയോ, വി.എസ്.അച്യുതാനന്ദനെയോ പോലെയുള്ള നേതാവാണ് കര്‍ണാടകത്തില്‍ സിദ്ധരാമയ്യ .

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബി.ജെ.പി. കര്‍ണാടകത്തിലുണ്ടാക്കിയ വര്‍ഗീയ അസ്വസ്ഥത ജനങ്ങളില്‍ കോണ്‍ഗ്രസിനെ തിരിച്ചുവിളിക്കണമെന്ന തോന്നല്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുവേ സമാധാനപ്രിയരാണ് കന്നഡക്കാര്‍. ഹിജാബ് പ്രശ്നവും മുസ്ളിങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതും ഷിമോഗ, ഉഡുപ്പി, മംഗലാപുരം മേഖലയില്‍ പടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും പൗരത്വപ്രശ്നങ്ങളും ഏകീകൃത സിവില്‍കോഡ് ചര്‍ച്ചയുമെല്ലാം വിദ്യാസമ്ബന്നരായ കന്നഡ വോട്ടര്‍മാരില്‍ ബി.ജെ.പി വിരോധം സൃഷ്‌ടിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. ഷെട്ടാറിനെപ്പോലെ ആദര്‍ശവാദിയായ ഒരു നേതാവ്, അതും മുന്‍ മുഖ്യമന്ത്രിയായിരുന്നയാള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സംഭവമാണ്. അത് ലിംഗായത്ത വോട്ടില്‍ വിള്ളലുണ്ടാക്കിയാലും അത്ഭുതമില്ല.

നേതാവില്ലാതെ ബി.ജെ.പി

സംസ്ഥാനത്ത് നിരവധി നേതാക്കളുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടുന്ന പ്രശ്നം നേതാവില്ലായ്‌മയാണ്. യെദിയൂരപ്പയായിരുന്നു ആസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കരുത്തനെങ്കിലും ഉറച്ചിരിക്കാന്‍ പാര്‍ട്ടി സമ്മതിക്കാത്തതിന്റെ പ്രശ്നമുണ്ട്. അതിന്റെ ഇൗര്‍ഷ്യയോടെയാണ് യെദിയൂരപ്പയും അനുയായികളും പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. സഹികെട്ട് ഒരിക്കല്‍ പാര്‍ട്ടിവിട്ട് കെ.ജെ.പിയുണ്ടാക്കിയ ചരിത്രവും യെദിയൂരപ്പയ്ക്കുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയായെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലെത്തിച്ച യെദിയൂരപ്പയ്ക്ക് ഒരിക്കല്‍പ്പോലും കാലാവധി തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ബി.ജെ.പിക്ക് നേതാവില്ലാത്തതിന് കാരണം ലിംഗായത്ത് വിഭാഗത്തോട് അമിതമായ വിധേയത്വമാണ്. പാര്‍ട്ടിയില്‍ ലിംഗായത്ത് കഴിഞ്ഞാല്‍ കരുത്തരായ നേതാക്കളുള്ളത് ബ്രാഹ്മണ സമുദായത്തില്‍ നിന്നാണ്. മുഖ്യമന്ത്രിയാകാന്‍ യോഗ്യരെങ്കിലും തേജസ്വി സൂര്യയ്ക്കും സന്തോഷിനും പ്രഹ്ളാദ് ജോഷിയ്ക്കുമെല്ലാം സമുദായ യോഗ്യതകള്‍ തടസമാകുന്നുണ്ട്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായത് ലിംഗായത്തെന്ന ഒറ്റ യോഗ്യതയിലാണ്.

ഷെട്ടര്‍ പാര്‍ട്ടിക്ക് പുറത്തുപോകുന്നതോടെ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരു നേതാവാണ് ഒഴിവാക്കപ്പെട്ടത്. കെ.എസ്.ഇൗശ്വരപ്പയെന്ന സീനിയര്‍ നേതാവാകട്ടെ പാര്‍ട്ടിയിലെ ഏക കുറുബ മുഖമായിരുന്നു. സിദ്ധരാമയ്യയ്‌ക്ക് ബദലായി പാര്‍ട്ടിയിലുണ്ടായിരുന്ന നേതാവ്. മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ഇൗശ്വരപ്പയും ഒഴിവാക്കപ്പെട്ടു. വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള ആര്‍.അശോക്, അശ്വത്ഥ് നാരായണന്‍, ശോഭ കരന്ത്‌ലാജെ എന്നിവരും മാറിനില്‍ക്കേണ്ടിവരുന്നത് ജാതിപ്രശ്നങ്ങളിലാണ്. ഇത് പാര്‍ട്ടിക്കകത്തെ അസ്വസ്ഥതകളാണ്. നേരത്തെ യെദിയൂരപ്പയെ അനങ്ങാന്‍ വിടാതെ ആക്രമിച്ചിരുന്ന എച്ച്‌.എന്‍. ആനന്ദകുമാറിന്റെയും പ്രശ്നം ജാതി ഗ്രൂപ്പ് കളിയായിരുന്നു. എന്നിരുന്നാലും സംസ്ഥാനത്തെ പ്രബലസമുദായമായ ലിംഗായത്തിലെ 72 ശതമാനം പേരും ബി.ജെ.പിക്കാണ് വോട്ടുചെയ്യുന്നത്. അതാണ് പാര്‍ട്ടിയുടെ കരുത്ത്. നേതാവില്ലാത്ത പ്രശ്നം പാര്‍ട്ടി മറികടക്കുന്നത് പ്രധാനമന്ത്രി മോദിയെന്ന കരുത്തന്‍ ബ്രാന്‍ഡും വര്‍ഗീയ കാര്‍ഡും ഇറക്കിയാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പറഞ്ഞത് ഇക്കുറി ബി.ജെ.പിക്ക് വര്‍ഗീയ കാര്‍ഡ് ഇറക്കാനുള്ള അവസരം നല്‍കിയ നടപടിയായി. ഭരണം നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കേന്ദ്രത്തിലെ മികച്ച ഭരണവും സംസ്ഥാനത്ത് മൈസൂരൂ – ബംഗളൂരു പാതപോലുള്ള കൂറ്റന്‍ വികസന പദ്ധതികളും ഇതിന് കരുത്തേകും.

ചെറുതെങ്കിലും ജനതാദള്‍ നിര്‍ണായകം

ഒരിക്കല്‍ ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ചിരുന്ന ജനതാദള്‍ ഇപ്പോള്‍ വമ്ബന്മാരുടെ സഹായത്തോടെ ഭരിക്കാന്‍ അവസരം നേടിയെടുക്കുന്ന ചെറിയ പാര്‍ട്ടിയാണ്. ജെ.എച്ച്‌. പട്ടേലാണ് അവസാനം കേവല ഭൂരിപക്ഷത്തോടെ ഭരിച്ച ദള്‍ മുഖ്യമന്ത്രി. പിന്നീട് കുമാരസ്വാമി മൂന്ന് തവണ മുഖ്യമന്ത്രിയായത് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സഹായത്തോടെയാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കര്‍ണാടകത്തില്‍ തൂക്ക് സഭയായിരുന്നു. പഴയ മൈസൂര്‍ രാജ്യത്തെ വൊക്കലിഗ സമുദായം ഭൂരിപക്ഷമുള്ള അഞ്ച് ജില്ലകളിലാണ് ദളിന്റെ കരുത്ത്. അവിടെ 58 നിയമസഭാ സീറ്റുകളുണ്ട്. അതില്‍ 30ന് മുകളില്‍ സീറ്റുകള്‍ ദളിന് ഉറപ്പാണ്. കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നതോടെ പാര്‍ട്ടിക്ക് സാദ്ധ്യതയേറും. ദേവഗൗഡയ്ക്ക് 90 വയസായി. ആരോഗ്യവും ക്ഷയിച്ചു. നാലുമക്കളില്‍ എച്ച്‌.ഡി.രേവണ്ണയും എച്ച്‌.ഡി. കുമാരസ്വാമിയുമാണ് രാഷ്ട്രീയത്തിലുള്ളത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അകല്‍ച്ചയാണ് കരുത്തരായിരുന്ന ദളിനെ ദുര്‍ബലമാക്കിയത്. ഇരുവരുടേയും ഭാര്യമാരും മക്കളും മത്സരിക്കുന്നുണ്ട്. കുടുംബാധിപത്യം ശക്തമായതോടെ പാര്‍ട്ടിയിലെ നേതാക്കള്‍ കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ്. എങ്കിലും പ്രായോഗിക രാഷ്ട്രീയതന്ത്രജ്ഞനായ കുമാരസ്വാമിയുടെ മികവ് പാര്‍ട്ടിക്ക് കരുത്താണ്. ഇക്കുറി സി.പി.എം, റിപ്പബ്ളിക്കന്‍ പാര്‍ട്ടി എന്നിവരുമായി സഹകരിച്ചാണ് ദള്‍ മത്സരിക്കുന്നത്. മൈസൂര്‍ മേഖലയ്ക്ക് പുറത്തും കരുത്ത് കാട്ടാനായാല്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിന് ശേഷം സാദ്ധ്യതകളേറും.

You may also like

error: Content is protected !!
Join Our WhatsApp Group