വോട്ട് ചെയ്യാനായി പോകുമ്ബോള്‍ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതേണ്ടത് നിര്‍ബന്ധമാണ്- ഈ സന്ദേശം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. വീടുകളിലെത്തുന്ന ബൂത്ത് തല പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ നിരന്തരം പറയുന്നതാണിത്. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാതെ വോട്ട് ചെയ്യാനും ഇത്തവണ സൗകര്യമുണ്ട്. വോട്ട് ചെയ്യാനായി മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടതുമില്ല. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതാദ്യമായാണ് ഒരു നിയമസഭ തിരഞ്ഞെടുപ്പില്‍ ഫേഷ്യല്‍ റെഗ്നിഷന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്ബര്‍ രണ്ടില്‍ ആയിരിക്കും വോട്ടര്‍മാര്‍ക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായി ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുനവന എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ വോട്ടറുടെ പേര്, നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എന്നിവയെല്ലാം നല്‍കണം. അതിനുശേഷം ആപ്പില്‍ ഒരു സെല്‍ഫിയും അപ്ലോഡ് ചെയ്യണം. പോളിംഗ് ബൂത്തില്‍ എത്തിക്കഴിഞ്ഞാല്‍, വെരിഫിക്കേഷനായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സ്‌കാനിംഗ് ഉണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡോറ്റാബേസുമായി സ്‌കാനിങ്ങിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ വോട്ടര്‍ മറ്റ് രേഖകളൊന്നും നല്‍കേണ്ടതില്ല. അവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുമതിയും ലഭിക്കും. ഈ സംവിധാനം നീണ്ട ക്യൂകള്‍ കുറയ്‌ക്കുമെന്നും കാത്തിരുപ്പ് സമയം ലഘൂകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ എന്നിവ തടയാനും മികച്ച മാര്‍ഗമാകും ഇത്.
അവസാനദിവസവും ഹനുമാനില്‍ അഭയംതേടി ബി.ജെ.പി
ബംഗളൂരു: 16ാം നിയമസഭ തെരഞ്ഞെടുപ്പിനായി കര്‍ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്ബോള്‍ അവസാനദിവസവും ഭരണകക്ഷിയായ ബി.ജെ.പി അഭയംതേടിയത് ഹനുമാനില്‍.
നിശ്ശബ്ദപ്രചാരണ ദിവസമായ ചൊവ്വാഴ്ച വിവിധയിടങ്ങളില്‍ നേതാക്കള്‍ പങ്കെടുത്ത ഹനുമാന്‍ ചാലിസ പാടല്‍ ചടങ്ങ് നടത്തി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹുബ്ബള്ളിയിലെ ഹനുമാന്‍ മന്ദിറില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചാലിസ പാടി. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത്‍ലജെ ബംഗളൂരുവിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. ഇതിന്റെയടക്കം ദൃശ്യങ്ങള്‍ സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
വിശ്വഹിന്ദ് പരിഷത്തും ബജ്റംഗ് ദളും വിവിധയിടങ്ങളില്‍ ഹനുമാന്‍ ചാലിസ നടത്തി. ജനകീയ പ്രശ്നങ്ങളല്ല, ഹിജാബ് പോലുള്ള വിഷയങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്ബുതന്നെ പറഞ്ഞത്.
ഭരണവിരുദ്ധ വികാരം മറയ്ക്കാന്‍ ഹിന്ദുത്വയാണ് ആദ്യാവസാനം പ്രചാരണത്തിനായി ഉപയോഗിച്ചത്. ബജ്റംഗ് ദള്‍ പോലുള്ള തീവ്രസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പരാമര്‍ശത്തില്‍ തൂങ്ങിയായിരുന്നു പിന്നീടുള്ള പ്രചാരണം.
പ്രധാനമന്ത്രി മോദിയടക്കം നടത്തിയ റോഡുഷോയിലും പരിപാടികളിലും ഹനുമാന്‍ മുഖംമൂടി അണിഞ്ഞവരും വേഷം കെട്ടിയവരുമായിരുന്നു ഏറെയും. ജയ് ഹനുമാന്‍ വിളികളും ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് കാസര്‍കോട് സ്വദേശി വരച്ച ‘കോപാകുലനായ ഹനുമാന്‍’ ചിത്രങ്ങളും കൊടികളുമാണ് കര്‍ണാടകയിലുടനീളം ഉപയോഗിച്ചത്.
ഹനുമാന്റെ ചിരപരിചിതമായ സാധാരണഭാവം ബോധപൂര്‍വം മാറ്റുകയായിരുന്നു സംഘ്പരിവാര്‍. ടിപ്പുവിന്റെയും ശിവജിയുടെയും അനുയായികള്‍ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് പ്രചരിപ്പിച്ച ബി.ജെ.പി അവസാന നാളുകളില്‍ ടിപ്പുവിന്റെ അനുയായികളും ഹനുമാന്റെ അനുയായികളും തമ്മിലാണ് മത്സരമെന്ന് മാറ്റി.
ബി.ജെ.പി ഭരണത്തില്‍ നശിച്ച ഹനുമാന്‍ ക്ഷേത്രങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ചൊവ്വാഴ്ച കെ.ആര്‍. മാര്‍ക്കറ്റിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു. തന്നെ കോണ്‍ഗ്രസ് ആക്ഷേപിച്ചതിന്റെ കണക്കുകളും ദേശീയതയുമാണ് മോദി വ്യാപകമായി ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങളല്ല, ജനകീയപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തിരിച്ചടിച്ചു.