വീഡിയോ കോണ്‍ഫറൻസിനിടെ പ്രകോപിതനായി കർണാടകയിലെ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വീഡിയോ കോണ്‍ഫറൻസിനിടെ മന്ത്രിക്ക് കന്നഡ അറിയില്ലെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞതാണ് മധു ബംഗാരപ്പയെ പ്രകോപിതനാക്കിയത്.വിദ്യാർത്ഥിയുടെ പരാമർശത്തെ ‘സ്റ്റുപ്പിഡ്’ എന്ന് വിളിച്ച അദ്ദേഹം വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാൻ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു.
കർണാടക കോമണ്‍ എൻട്രൻസ് ടെസ്റ്റ്, ജെഇഇ, നീറ്റ് തുടങ്ങിയ എൻജിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളായിരുന്നു വീഡിയോ കോണ്‍ഫറൻസിംഗില്‍ ഉണ്ടായിരുന്നത്.
ഏകദേശം 25,000 വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈൻ കോച്ചിംഗ് കോഴ്‌സ് ആരംഭിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് കന്നഡ അറിയില്ലെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞത്. ഉടൻ തന്നെ ‘എന്താണ്? ആരാണ്? ഞാൻ ഉറുദുവിലാണോ സംസാരിക്കുന്നത്?’ എന്ന് മന്ത്രി തിരിച്ച് ചോദിക്കുന്നതും കേള്‍ക്കാം. ഇത് ഗുരുതരമായ വിഷയമാണെന്നും നിശബ്ദനായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷമായ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി.
കന്നഡ അറിയില്ലെന്ന് മധു ബംഗാരപ്പ പരസ്യമായി സമ്മതിച്ചില്ലേ എന്നും ഇത് ഓർമ്മിപ്പിച്ച വിദ്യാർത്ഥിയെ എന്തിനാണ് ശിക്ഷിക്കുന്നതെന്നും കർണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും എംപിയുമായ പ്രഹ്ലാദ് ജോഷി ചോദിച്ചു. മന്ത്രിയുടെ ഉത്തരവിനെ പരിഹസിക്കുന്ന ഒരു കാർട്ടൂണും കർണാടക ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ധീരമായ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറയുന്ന മന്ത്രിയും ചോദ്യം ചോദിക്കുന്നയാളെ വിഡ്ഢിയെന്ന് വിളിക്കുന്നത് നിങ്ങളാണെന്ന് പറയുന്ന വിദ്യാർത്ഥിയുമാണ് കാർട്ടൂണിലുള്ളത്.