Home Featured പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന സൂചന നല്‍കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന സൂചന നല്‍കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

by admin

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് സൂചന നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച്‌ അവരുടെ മനസ്സ് മലിനമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഹിജാബ് നിരോധനം സംബന്ധിച്ച്‌ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിൻവലിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം കര്‍ണാടകയില്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച തീരുമാനത്തിന് കാത്തിരിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നത് പഠിക്കാനാണ്. അവരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിന്റെയോ തന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാവരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പാഠപുസ്തകങ്ങള്‍ ഒരു പരിധിവരെ അയച്ചുകഴിഞ്ഞു. അത് തടസ്സമില്ലാതെ എങ്ങനെ ചെയ്യുമെന്നതിനാണ് ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും-മന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളുടെ മനസ്സ് മലിനപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ച ശേഷം പാഠപുസ്തക പരിഷ്‌കരണത്തില്‍ തീരുമാനമെടുക്കും. വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസരംഗത്ത് മായം കലര്‍ത്താൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാൻ മറ്റൊരു യോഗം വിളിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനായിരുന്ന രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ആര്‍.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഒരു അധ്യായമായി ഉള്‍പ്പെടുത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കുകയും ചെയ്തതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group