Home Featured ബെംഗളൂരു: സംസ്ഥാനത്ത് ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

by admin

ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ 4 ന് മുമ്പ് ഡീസലിന്റെ വിൽപ്പന നികുതി 24 ശതമാനമായിരുന്നുവെന്നും ലിറ്ററിന് വിൽപ്പന വില 92.03 രൂപയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 2024 ജൂൺ 15 ന് കർണാടക സംസ്ഥാന സർക്കാർ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയർത്തിയത്.

വർധനവിന് ശേഷവും, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസൽ വില കുറവാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഹൊസൂരിൽ (തമിഴ്‌നാട്) 94.42 രൂപയും, കാസർഗോഡിൽ (കേരളം) 95.66 രൂപയും, അനന്തപുരയിൽ (ആന്ധ്രാപ്രദേശ്) 97.35 രൂപയും ഹൈദരാബാദിൽ (തെലങ്കാന) 95.70 രൂപയും കാഗലിൽ (മഹാരാഷ്ട്ര) 91.07 രൂപയുമാണ് വിലയെന്നും സർക്കാർ പറഞ്ഞു. അതേസമയം വിലവർധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് സർക്കാർ വസ്തുക്കൾക്ക് ഒന്നൊന്നായി നികുതി ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക വിമർശിച്ചു.

സംസ്ഥാന സർക്കാർ വില വർധിപ്പിക്കുകയാണെന്നും ദരിദ്രരുടെയും ഇടത്തരക്കാരുടെയും രക്തം കുടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പാലിന്റെ വില വർധിപ്പിച്ചു, മാലിന്യ ശേഖരണത്തിന് സെസ് ഏർപ്പെടുത്തി, ഇപ്പോൾ പെട്ടെന്ന് ഡീസലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡീസലിന്റെ വില വർദ്ധിച്ചാൽ പാൽ, പച്ചക്കറികൾ, പഴങ്ങൾ, പലചരക്ക് സാധനങ്ങൾ, ടാക്സികൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വില വർധിക്കുമെന്ന് സ്വയം പ്രഖ്യാപിത സാമ്പത്തിക വിദഗ്ദ്ധനായ സിദ്ധരാമയ്യയ്ക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഡീസൽ വില വർധനവിന്റെ പേരിൽ ബസ് ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കുമെന്നതിൽ സംശയമില്ലെന്നും അശോക പറഞ്ഞു.

ബുള്‍ഡോസറിനു മുന്നിലെ ബാലിക , ഞെട്ടിത്തരിച്ച്‌ സുപ്രീം കോടതി

ഉത്തര്‍പ്രദേശില്‍ അനധികൃതനിര്‍മാണത്തിന്റെ പേരില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി.അംബേദ്‌കര്‍ നഗറില്‍ ഇടിച്ചുനിരത്തപ്പെട്ട വീടിനരികെ, ബുള്‍ഡോസറിനു മുന്നിലൂടെ പുസ്‌തകങ്ങളുമായി ഓടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യം ചൂണ്ടിക്കാട്ടിയായിരുന്നു സംസ്‌ഥാനസര്‍ക്കാരിനും പ്രാദേശിക അധികൃതര്‍ക്കുമെതിരായ വിമര്‍ശനം.ദൃശ്യങ്ങള്‍ ആരെയും പിടിച്ചുലയ്‌ക്കുന്നതാണെന്നും ബുള്‍ഡോസര്‍ നടപടി മനുഷ്യത്വരഹിതമാണെന്നും ജസ്‌റ്റിസ്‌ ഉജ്‌ജ്വല്‍ ഭുയാന്‍ നിരീക്ഷിച്ചു.

വീടുകള്‍ ഇടിച്ചുനിരത്തപ്പെട്ടതിനേത്തുടര്‍ന്ന്‌ കോടതിയെ സമീപിച്ച ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. അഡ്വ. സുല്‍ഫിക്കര്‍ ഹൈദര്‍, പ്രഫ. അലി അഹമ്മദ്‌ എന്നിവരും മറ്റ്‌ മൂന്നുപേരുമാണു കോടതിയെ സമീപിച്ചത്‌. പ്രയാഗ്രാജ്‌ ജില്ലയിലെ ലൂക്കര്‍ഗഞ്‌ജിലുള്ള ഏതാനും കെട്ടിട ഉടമകളുടെ ഹര്‍ജിയാണ്‌ സുപ്രീം കോടതി നടപടിക്ക്‌ ആധാരം.2023-ല്‍ ഏറ്റുമുട്ടലിലൂടെ പോലീസ്‌ വധിച്ച ഗുണ്ടാനേതാവുകൂടിയായ രാഷ്‌ട്രീയക്കാരന്‍ അതീഖ്‌ അഹമ്മദിന്റേതാണെന്ന്‌ അധികൃതര്‍ അവകാശപ്പെടുന്ന വസ്‌തുവിലെ വീടുകളും നിര്‍മിതികളുമാണ്‌ ഇടിച്ചുനിരത്തിയത്‌.

ഇടിച്ചുനിരത്തലിനെതിരേ ഹര്‍ജിക്കാര്‍ നേരത്തെ അലാഹാബാദ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണു സുപ്രീം കോടതിയിലെത്തിയത്‌. വീട്‌ ഇടിച്ചുനിരത്തുന്നതിനു തലേന്നു മാത്രമാണ്‌ തങ്ങള്‍ക്കു നോട്ടീസ്‌ ലഭിച്ചതെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. അധോലോകത്തലവന്‍ ആതിഖ്‌ അഹമ്മദിന്റെ ഭൂമിയെന്നു തെറ്റിദ്ധരിച്ചാണ്‌ തങ്ങളുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തിയതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ആതിഫ്‌ 2023-ല്‍ കൊല്ലപ്പെട്ടു.അനധികൃതനിര്‍മാണങ്ങള്‍ക്കെതിരേ നോട്ടീസ്‌ നല്‍കുന്ന രീതിയേയും കോടതി വിമര്‍ശിച്ചു. അനധികൃതനിര്‍മിതികളില്‍ നോട്ടീസ്‌ പതിക്കുകയാണു പതിവെന്ന്‌ സംസ്‌ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group