Home covid19 ബെംഗളൂരു : കോവിഡ് ; സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ

ബെംഗളൂരു : കോവിഡ് ; സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ

by admin

ബെംഗളൂരു:കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾനൽകി കർണാടക സർക്കാർ. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയയക്കണമെന്ന് ആരോഗ്യവകുപ്പ് കമ്മിഷണർ ഇറക്കിയ ഉത്തരവിൽ നിർദേശിച്ചു.ഡോക്ടറുടെ നിർദേശപ്രകാരം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കണം. അസുഖം പൂർണമായും ഭേദമായാൽ‍മാത്രമേ സ്കൂളിലേക്ക് വീണ്ടും അയക്കാവൂ.

അധ്യാപകർക്കോ മറ്റ് ജീവനക്കാർക്കോ രോഗലക്ഷണം കണ്ടാൽ അവരോട് നിർദിഷ്ട പ്രതിരോധമാർഗങ്ങൾ അവലംബിക്കാൻ നിർദേശിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. കൈകൾ ശുചിയാക്കുക പോലുള്ള കോവിഡ് പ്രതിരോധശീലങ്ങൾ ഉറപ്പുവരുത്താനും നിർദേശിച്ചു.അതിനിടെ, കർണാടകത്തിൽ ഈവർഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണംനാലായി. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63-കാരൻ മരിച്ചു. ഈവർഷം മൈസൂരുവിലെ ആദ്യ കോവിഡ് മരണമാണിത്. ബെംഗളൂരു അർബൻ ജില്ലയിെല ഒരാളാണ് അവസാനമായി മരിച്ചത്.

പൊതുജനങ്ങൾക്കും മാർഗനിർദേശം പുറപ്പെടുവിച്ചു :

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കും ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഭയപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.ഔദ്യോഗികമായി ലഭ്യമാക്കുന്ന വിവരങ്ങൾ അറിയണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കണം. വിദേശത്തുനിന്നെത്തിയ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥർക്ക് കൈമാറണം.

ആൾക്കൂട്ടത്തിൽ മുഖാവരണം ധരിക്കണം. ശാരീരികാകലം പാലിക്കണം. പനിയോ ചുമയോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻചികിത്സ തേടണം. റാൻഡം പരിശോധനയുമായി സഹകരിക്കണം. 1800 425 8330 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഉപദേശങ്ങൾ തേടാം. അടിയന്തരമായി ആംബുലൻസ് ആവശ്യമായവർക്ക് 108 എന്ന നമ്പറിൽ വിളിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group