ബംഗളൂരു: കർണാടകയില്‍ ഏപ്രില്‍ 26, മേയ് ഏഴ് എന്നീ രണ്ട് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് 29 കേന്ദ്രങ്ങളില്‍. 28 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഓരോ മണ്ഡലത്തിലും ഒന്ന് എന്ന ക്രമത്തിലും തുമകുരുവില്‍ രണ്ടുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് മൊത്തം 13,173 ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ്കുമാർ മീണ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തോടനുബന്ധിച്ച് മീഡി സെന്ററുകള്‍ സജ്ജീകരിച്ചു. ബംഗളൂരുവില്‍ കനത്ത സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി. മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 2400 പൊലീസുകാരെ വിന്യസിക്കും.
മൗണ്ട് കാർമല്‍ കോളജ് (ബംഗളൂരു സെൻട്രല്‍ മണ്ഡലം), സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂള്‍(ബംഗളൂരു നോർത്ത്), ജയനഗർ എസ്.എസ്.എം.ആർ.വി കോളജ് (ബംഗളൂരു സൗത്ത്) എന്നിവയാണ് കേന്ദ്രങ്ങള്‍. ബംഗളൂരു നഗരത്തില്‍ ക്രമസമാധാന പാലനത്തിനായി ഓഫിസർമാരും പൊലീസുകാരുമടക്കം1524 പൊലീസ് സേനയെ നിയോഗിക്കും. 13 കമ്ബനി സായുധ പൊലീസ് സേനയെയും വിന്യസിക്കുന്നുണ്ട്. തിങ്കളാഴ്ച അർധരാത്രി നിലവില്‍വന്ന നിരോധനാജ്ഞ ഇന്ന് അർധരാത്രിവരെ തുടരും