Home Featured വോട്ടര്‍പട്ടിക ക്രമക്കേട് ; കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത; മന്ത്രി കെ.എൻ.രാജണ്ണ രാജിവച്ചു

വോട്ടര്‍പട്ടിക ക്രമക്കേട് ; കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത; മന്ത്രി കെ.എൻ.രാജണ്ണ രാജിവച്ചു

by admin

വോട്ടർ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി. വോട്ടർ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നത് കോണ്‍ഗ്രസ് സർക്കാരിന്റെ കാലത്താണെന്ന് കർണാടക സഹകരണ മന്ത്രി കെ.എൻ.രാജണ്ണ പറഞ്ഞു. മന്ത്രിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ വിമർശനങ്ങള്‍ ഉയർന്നതിനെ തുടർന്ന് ഹൈക്കമാൻഡ് രാജണ്ണയെ പുറത്താക്കി. പിന്നാലെ മന്ത്രി രാജിവെച്ചു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി “വോട്ട് ചോരി” (വോട്ട് മോഷണം) നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കിടെയാണ് രാജണ്ണയുടെ ഈ പരാമർശം.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്നും, എന്നാല്‍ കരട് ഘട്ടത്തില്‍ എതിർപ്പ് ഉന്നയിക്കുന്നതിന് പകരം പാർട്ടി നേതാക്കള്‍ കണ്ണടച്ച്‌ നിശ്ശബ്ദരായി ഇരുന്നു എന്നും രാജണ്ണ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും വോട്ടർ പട്ടിക മാറ്റി പ്രധാനമന്ത്രിയെ ഉണ്ടാക്കിയെന്നും രാജണ്ണ വിമർശിച്ചു. എന്നാല്‍ കൃത്യസമയത്ത് എതിർക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം മന്ത്രിയുടെ പരാമർശം ഏറ്റെടുക്കുകയും നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിനുള്ളിലും മന്ത്രിയുടെ പ്രസ്താവന ഭിന്നതയ്ക്ക് വഴി തുറന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രാജണ്ണയുടെ പരാമർശങ്ങള്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയും പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു.രാജണ്ണയുടെ പരാമർശങ്ങള്‍ പാർട്ടിയെ അപമാനിക്കുകയും പ്രതിപക്ഷത്തിന് ആയുധം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ രാജണ്ണയെ പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുർജേവാലയ്ക്ക് പരാതിയും നല്‍കിയിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാജണ്ണയുടെ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. രാജണ്ണയുടെ പ്രസ്താവനയെ പ്രതിപക്ഷം മുതലെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group