ബെംഗളൂരു : കർണാടകയിലെ അധികാരത്തർക്കവും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായി തുടരുന്നതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് രംഗത്ത്.പ്രശ്നപരിഹാരത്തിനായി ശനിയാഴ്ച മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി സോണിയാ ഗാന്ധി ഡല്‍ഹിയില്‍ ചർച്ച നടത്തി.ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. കർണാടകയിലെ പ്രതിസന്ധി സംബന്ധിച്ച് നേതൃത്വം വീണ്ടും യോഗം ചേരും.
ഡിസംബർ 14-നോ 15-നോ ആയിരിക്കും നിർണായകമായ ഈ കൂടിക്കാഴ്ച. ഡിസംബർ 14-ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ‘വോട്ട് മോഷണ’ത്തിനെതിരായ കോണ്‍ഗ്രസ് മെഗാ റാലിക്ക് ശേഷം നേതാക്കള്‍ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.അടുത്ത യോഗം നടക്കുന്നതുവരെ നിലവിലെ സർക്കാരിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മുതിർന്ന നേതാക്കള്‍ യോഗത്തില്‍ തീരുമാനിച്ചു. അടുത്ത കൂടിക്കാഴ്ചയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ.സി. വേണുഗോപാല്‍, കർണാടകയിലെ നിലവിലെ വിഷയം ചർച്ച ചെയ്തതായി സ്ഥിരീകരിച്ചു. “കർണാടക ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഒരു ചർച്ച നടന്നു. കർണാടകയെക്കുറിച്ച് കൂടുതല്‍ വിശദമായ മറ്റൊരു ചർച്ച വൈകാതെ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.