Home Featured രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ബി.ജെ.പി നേതാവിന്റെ അറസ്റ്റ്:പ്രതികരണവുമായി കർണാടക മന്ത്രി

രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ബി.ജെ.പി നേതാവിന്റെ അറസ്റ്റ്:പ്രതികരണവുമായി കർണാടക മന്ത്രി

by admin

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ബി.ജെ.പി നേതാവിനെ എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികരണവുമായി കർണാടക മന്ത്രി. കർണാടകയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാവിഭീകരതയുടെ തെളിവാണ് ബി.ജെ.പി നേതാവിന്റെ അറസ്റ്റെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വിമർശിച്ചു. സംഭവത്തില്‍ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് എന്താണു പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മാസം ആദ്യത്തില്‍ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ തീർത്ഥഹള്ളിയിലെ ബി.ജെ.പി നേതാവ് സായ് പ്രസാദിനെയാണ് ഇന്ന് ഉച്ചയോടെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിലെ പങ്കിനു പുറമെ ഭീകരവാദികളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു വിവരം. കേസില്‍ നേരത്തെ ഷിവമോഗ സ്വദേശികളായ രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു മൊബൈല്‍ ഷോപ്പ് ഉടമയെയും അറസ്റ്റ് ചെയ്തിരുന്നു.

സ്‌ഫോടനത്തിനു കാരണം കർണാടക സർക്കാരാണെന്നു പറയുന്ന ബി.ജെ.പി ഇനി എന്തു പറഞ്ഞാകും ന്യായീകരിക്കുക എന്ന് മന്ത്രി ചോദിച്ചു. ”ബി.ജെ.പി നേതാവിനെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിനർഥം രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്നല്ലേ? മതസംരക്ഷണം എന്ന പേരില്‍ സസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന കാവിഭീകരത ഗുരുതരമായ പ്രശ്‌നങ്ങളാണു സൃഷ്ടിക്കുന്നതെന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ? രാജ്യത്ത് ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ബി.ജെ.പിക്ക് ഇതില്‍ എന്താണു പറയാനുള്ളത്? ദേശീയ സുരക്ഷ പരിഗണിക്കാതെ രാമേശ്വരം സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം.”-ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു.

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് ഷിവമോഗയിലെ തീർത്ഥഹള്ളിയില്‍ എൻ.ഐ.എ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. നിരവധി വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. ഇതിലാണ് മുസ്‌ലിം യുവാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കന്നട മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group