ബെംഗളൂരു: കർണാടകത്തിൽ നന്ദിനി പാൽ(ടോൺട് മിൽക്ക്) വില വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതുപ്രകാരം ഒാഗസ്റ്റ് ഒന്നുമുതൽ ലിറ്ററിന് മൂന്നുരൂപ വിലകൂടും. ഇതോടെ, ലിറ്ററിന് 39 രൂപയിൽനിന്ന് 42 രൂപയായി വർധിക്കും.
കർണാടക മിൽക്ക് ഫെഡറേഷനാണ് നന്ദിനി പാൽ വിപണിയിലിറക്കുന്നത്. ഫെഡറേഷൻ ഭാരവാഹികളും മുഖ്യമന്ത്രി സിദ്ധരാമയ്യയും നടത്തിയ ചർച്ചയിൽ പാലിന് ലിറ്ററിന് മൂന്നു രൂപ വർധിപ്പിക്കാൻ ധാരണയായിരുന്നു. നേരത്തേ ഫെഡറേഷൻ അഞ്ചു രൂപ വർധനയാണ് ആവശ്യപ്പെട്ടത്. മറ്റുസംസ്ഥാനങ്ങളിലെ പാൽവിലയുമായി താരതമ്യം ചെയ്യുമ്പോൾ 42 രൂപ എന്നത് കുറവാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.54 രൂപ മുതൽ 56 രൂപവരെയാണ് മറ്റു സംസ്ഥാനങ്ങളിലെ പാൽവിലയെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ ഭക്ഷ്യവിഷബാധ; 38 വിദ്യാർഥികൾ ചികിത്സയിൽ
ബെംഗളൂരു: ബെലഗാവി സംഗൊള്ളി രായണ്ണ സൈനിക് സ്കൂളിലെ 38 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.
കഴിഞ്ഞദിവസംരാത്രി ഹോസ്റ്റൽ കാന്റീനിൽനിന്ന് ഭക്ഷണംകഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. തുടർന്ന് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടവിദ്യാർഥികളെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചരാവിലെ ഏതാനും വിദ്യാർഥികളെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിസ്ചാർജ് ചെെയ്തങ്കിലും മറ്റുകുട്ടികൾ നിരീക്ഷണത്തിലാണ്. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു. കുട്ടികൾക്ക് വിളമ്പിയ ഭക്ഷണത്തിന്റെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ ഗദക്, ബീദർ ജില്ലകളിലും സ്കൂളിലെഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.