നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ചന്നപട്ടണ നിയോജക മണ്ഡലത്തിൽ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വസതിയിൽ യോഗം ചേർന്ന എൻഡിഎ സഖ്യകക്ഷികൾ ഇന്ന് നിഖിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നിഖിൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി സി പി യോഗേശ്വർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.
ചന്നപട്ടണ എംഎൽഎ ആയിരുന്ന ജെഡിഎസ് സംസ്ഥാന പ്രസിഡൻ്റും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. അങ്ങിനെ ഒഴിവുവന്ന സീറ്റിലേക്കാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 96,592 വോട്ടുകൾ നേടിയാണ് കുമാരസ്വാമി ചന്നപട്ടണത്ത് വിജയിച്ചത്. എതിർ സ്ഥാനാർത്ഥി ബിജെപിയിലെ സി പി യോഗേശ്വര് 80,677 വോട്ടുകൾ നേടി.
അന്ന് കോണ് ഗ്രസ് സ്ഥാനാര് ത്ഥിക്ക് ലഭിച്ചത് 15,374 വോട്ട് മാത്രമായിരുന്നു.കർണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു അസെംബ്ലി മണ്ഡലങ്ങളിൽ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ ഷിഗ്ഗാംവിയിലും ബംഗാരു ഹനുമന്ത സന്ദൂരിലും ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുന്നു.