ബംഗളൂരു: കോവിഡ് രോഗമുക്തി നേടിയ 13കാരനില്‍ അപൂര്‍വ മസ്തിഷ്ക രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആദ്യവും രാജ്യത്ത് രണ്ടാം തവണയുമാണ് കോവിഡ് ഭേദമായ കുട്ടിയില്‍ അപൂര്‍വമായ ഇത്തരം മസ്തിഷ്ക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെക്രോടൈസിങ് എന്‍സെഫലോപതി ഒാഫ് ചൈല്‍ഡ്ഹുഡ് (എ.എന്‍.ഇ.സി) എന്ന രോഗമാണ് ബാധിച്ചത്. വിജയനഗര്‍ ജില്ലയിലെ ഹൂവിനഹദഗള്ളി താലൂക്കിലെ 13കാരനാണ് അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കുട്ടികളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന മസ്തിഷ്കത്തിെന്റ പ്രവര്‍ത്തനം തകരാറിലാക്കുന്ന രോഗമാണിതെന്നും എട്ടു ദിവസം മുമ്ബാണ് 13വയസ്സുകാരനെ അഡ്മിറ്റ് ചെയ്തതെന്നും ദാവന്‍ഗരെ എസ്.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ എന്‍.കെ. കല്പനാവര് പറഞ്ഞു. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ മസ്തിഷ്കം നിഷ്ക്രിയമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് മൂന്നു ദിവസം വെന്റിലേറ്ററിലാക്കി. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. ഒരാഴ്ചത്തെ ചികിത്സ കൂടി ആവശ്യമാണെന്നും രോഗമുക്തി നേടിയശേഷം മസ്തിഷ്കത്തിന് എത്രമാത്രം കേടുപാടുസംഭവിച്ചുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം രോഗം ബാധിച്ചവരുടെ ചികിത്സയും ചെലവേറിയതാണെന്നും ഇഞ്ചക്ഷനു തന്നെ ഒരു ലക്ഷം രൂപ വരെ വിലവരുമെന്നും വൈറസ് ബാധയെ തുടര്‍ന്നാണ് ഇത്തരം അപൂര്‍വ രോഗം കുട്ടികളിലുണ്ടാകുന്നതെന്നും ദാവന്‍ഗരെ ഡെപ്യൂട്ടി കമീഷണര്‍ മഹന്തേഷ് ബെളാഗി പറഞ്ഞു. രോഗം വന്നശേഷം പൂര്‍ണ ആരോഗ്യവാനാകാനും കൂടുതല്‍ സമയം വേണ്ടിവന്നേക്കും.