പണം നല്‍കാൻ ആവശ്യപ്പെട്ട ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ച് കർണാടക ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീലാണ് അക്രമണം നടത്തിയത്.സംഗപ്പ എന്ന ടോള്‍ ഗേറ്റ് ജീവനക്കാരനാണ് മർദ്ദനമേറ്റത്.താർ എസ്‌യുവിയില്‍ വിജയപുരയില്‍ നിന്ന് സിന്ധഗിയിലേക്ക് പോവുകയായിരുന്നു സമർത്ഗൗഡ. ടോള്‍ ബൂത്തില്‍ പണം നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ താൻ വിജുഗൗഡയുടെ മകനാണ് പണം നല്‍കാൻ കഴിയില്ലെന്നായിരുന്നു സമർത്ഗൗഡയുടെ മറുപടി.
എന്നാല്‍ ഏത് വിജുഗൗഡയെന്ന് ജീവനക്കാരൻ ചോദിക്കുകയും സമർത്ഗൗഡയെ അത് പ്രകോപിപ്പിക്കുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം സംഗപ്പയെ ടോള്‍ ബൂത്തിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു.ജീവനക്കാർ ഇടപെട്ടാണ് ആക്രമണം തടഞ്ഞത്. പരിക്കേറ്റ സംഗപ്പയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. 2008 മുതല്‍ ബാലേശ്വർ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി നേതാവാണ് വിജുഗൗഡ പാട്ടീല്‍.
 
