ബംഗളൂരു: വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ കർണാടക ബി.ജെ.പി ഐ.ടി സെല്‍ തലവൻ പ്രശാന്ത് മകനൂരിനെ കസ്റ്റഡിയിലെടുത്തു.
വിദ്വേഷവും വ്യാജവാർത്തയും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, വിവിധ പൗരാവകാശ സംഘടനകള്‍ എന്നിവർ തെരഞ്ഞെടുപ്പ് കമീഷനും കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു ബംഗളൂരു പൊലീസിലും പരാതി നല്‍കിയിരുന്നു.
സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും ചേർന്ന് മുസ്‍ലിം പ്രീണനം നടത്തുന്നു എന്നാരോപിക്കുന്ന വിഡിയോയില്‍ എസ്.സി, എസ്.ടി സമുദായങ്ങളോട് പ്രത്യേക സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം സമൂഹത്തില്‍ ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍ക്കെതിരെയുള്ള വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതികളില്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സമൂഹമാധ്യമ തലവൻ അമിത് മാളവ്യ തുടങ്ങിയവരോട് ഹാജരാവാനാവശ്യപ്പെട്ട് ബംഗളൂരു പൊലീസ് നോട്ടീസ് അയച്ചിരുന്നു. വിഡിയോ നീക്കം ചെയ്യാൻ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ എക്സ് വിഡിയോ നീക്കം ചെയ്തു. ഇതിനു പുറമെ ഹൊസ്ക്കോട്ടെയില്‍ അവിമുക്തേശ്വര ക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മിറ്റിയില്‍ മുസ്‍ലിം വിഭാഗത്തില്‍പെട്ടയാളെക്കൂടി ഉള്‍പ്പെടുത്തിയത് ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കാനുപയോഗിച്ചിരുന്നു.
അഹിന്ദുക്കളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് എത്രയോ കാലങ്ങളായിട്ടുള്ള ആചാരമാണെന്നും ബി.ജെ.പി സർക്കാർ ഭരിക്കുമ്ബോഴും ഇങ്ങനെയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
മുൻ വർഷങ്ങളിലെ ഹൊസ്ക്കോട്ടെ തഹസില്‍ദാറുടെ ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ടി സെല്‍ തലവനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെതുടർന്ന് ഈ പോസ്റ്റും സമൂഹമാധ്യമ അക്കൗണ്ടില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.