കര്‍ണാടക: ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കൈയ്യടി നേടിയിരിക്കുകയാണ് കര്‍ണാടക. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 2020 ദേശീയ വിദ്യാഭ്യാസനയമാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സിഎന്‍ അശ്വന്ത് നാരായണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടക.2020 ലെ പുതിയ വിദ്യാഭ്യാസനയം തീര്‍ച്ചയായും ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും, ഒട്ടേറെ വിശാലമായ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ ഇത് തീരുമാനിച്ചതെന്നും മന്ത്രി അറിയി ച്ചു.
വിദ്യാലയങ്ങള്‍ക്ക് പുറത്തുള്ള രണ്ടു കോടി കുട്ടികളെ വിദ്യാലയ സംവിധാനത്തിലേക്ക് കൊണ്ടുവരുകയും കൊഴിഞ്ഞുപോകല്‍ പരമാവധി കുറയ്‌ക്കുകയുമാണ് നയത്തിന്റെ ലക്ഷ്യം.
സിലബസിന്റെ ഭാരം കുറയ്‌ക്കല്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതിപഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നയം പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും അവസരവുമുണ്ടാകും.
വിദ്യാര്‍ത്ഥിസമൂഹത്തെ കൂടുതല്‍ ശാക്തീകരിക്കാനും ഇതുവഴി സാധിക്കും. ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി കുമാര്‍ നായക് , കര്‍ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ തിമിഗൗഡ, മറ്റ് സീനിയര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നയം നടപ്പിലാക്കുക.
ജൂലൈ 29ന് നടന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുടെ പ്രകടനമികവ് മനസിലാക്കുന്ന സ്ട്രക്ചേര്‍ഡ് അസെസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിംഗ് (സഫല്‍) രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.