Home Featured കര്‍ണാടകയില്‍ ബന്ദ് തുടരുന്നു; മറാത്തി സിനിമയുടെ പ്രദര്‍ശനം കന്നഡ പ്രവര്‍ത്തകര്‍ തടഞ്ഞു

കര്‍ണാടകയില്‍ ബന്ദ് തുടരുന്നു; മറാത്തി സിനിമയുടെ പ്രദര്‍ശനം കന്നഡ പ്രവര്‍ത്തകര്‍ തടഞ്ഞു

by admin

കർണാടകയില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ബന്ദ് വൈകിട്ട് ആറ് മണി വരെ നീണ്ടുനില്‍ക്കും.മഹാരാഷ്ട്രയില്‍ വെച്ച്‌ മറാത്തി സംസാരിക്കാൻ അറിയാത്ത യാത്രക്കാരോട് കന്നഡയില്‍ സംസാരിക്കാൻ ആവശ്യപ്പെട്ടതിന് ഒരു സിറ്റി ബസിലെ കണ്ടക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ചില ഓട്ടോ, ടാക്സി യൂണിയനുകള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ചില ബസ് യൂണിയനുകളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ബസ് ഗതാഗതം കാര്യമായി തടസ്സപ്പെടാൻ സാധ്യതയില്ല. മെട്രോ സർവീസുകള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ പൊലീസ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം ഇതിവൃത്തമാക്കിയുള്ളതാണെന്ന് ആരോപിച്ചുകൊണ്ട് വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ ഐനോക്സ് തിയേറ്ററില്‍ മറാത്തി സിനിമയായ ‘ഫോളോവർ’ പ്രദർശിപ്പിക്കുന്നത് കന്നഡ പ്രവർത്തകർ തടഞ്ഞു. കർണാടക രക്ഷണ വേദികെ (ശിവരമേഗൗഡ വിഭാഗം) പ്രവർത്തകർ വാജിദ് ഹിരേക്കോടിയുടെ നേതൃത്വത്തില്‍ തിയേറ്ററിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാൻ അധികൃതരെ നിർബന്ധിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സിനിമയുടെ പ്രദർശനം നിശ്ചയിച്ചിരുന്നത്. സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച്‌ അറിഞ്ഞതിനെത്തുടർന്ന് കന്നഡ പ്രവർത്തകർ തിയേറ്റർ അധികൃതരുമായി വാഗ്വാദത്തിലേർപ്പെടുകയും തുടർന്ന് സിനിമയുടെ പ്രദർശനം റദ്ദാക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഏഴ് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ സിനിമ നിർമ്മിച്ചതെന്നും മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.ഈ സിനിമ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വീണ്ടും സിനിമ പ്രദർശിപ്പിക്കുമെന്നും സിനിമയുടെ ഉള്ളടക്കം എല്ലാവരും കാണണമെന്നും അവർ അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group