Home Featured വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമോ, ബസ് സർവീസ് നടത്തുമോ? കർണാടക ബന്ദിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമോ, ബസ് സർവീസ് നടത്തുമോ? കർണാടക ബന്ദിനെക്കുറിച്ച് അറിയേണ്ടതെല്ലാം

by admin

കർണാടകയിൽ ശനിയാഴ്ച സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. മാർച്ച് 22 ശനിയാഴ്ച സംസ്ഥാനവ്യാപകമായി 12 മണിക്കൂർ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.ഭാഷാ തർക്കത്തിന്റെ പേരിൽ കഴിഞ്ഞമാസം ബെലഗാവിയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (കെഎസ്‌ആർ‌ടി‌സി) ബസ് കണ്ടക്ടറെ മറാത്തി സംസാരിക്കാത്തതിന് ആക്രമിച്ചെന്ന് ആരോപിച്ചാണ് ബന്ദ്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾ പൂർണമായും സർവീസ് നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനെയും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷനെയും (ബിഎംടിസി) പ്രതിനിധീകരിക്കുന്ന അസോസിയേഷനുകൾ ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ബസുകൾ തടസ്സപ്പെടാനുള്ള സാധ്യത ശക്തമാക്കുന്നുണ്ട്.

കെഎസ്‌ആർ‌ടി‌സി ബസുകൾ നിരത്തിലിറങ്ങില്ലെന്ന് കന്നഡ പ്രവർത്തകനും സംഘാടകരിൽ ഒരാളുമായ വാട്ടൽ നാഗരാജ് പറഞ്ഞു. ശനിയാഴ്ച കർണാടക മുഴുവൻ അടച്ചിടുമെന്ന് നാഗരാജ് പറഞ്ഞു. ബന്ദ് ദിവസം ഒരു ഡ്രൈവർമാരും വാഹനങ്ങൾ നിരത്തിലിറക്കരുത്. സംസ്ഥാനത്തെ എല്ലാ ഡ്രൈവർമാരുടെ ആത്മാഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു

പരീക്ഷകൾ നടക്കുന്ന സമയത്തായതിനാൽ പരീക്ഷ മാറ്റിവെക്കുമോ എന്ന കാര്യത്തിൽ അധികൃതരും സർക്കാരും പ്രതികരണം നടത്തിയിട്ടില്ല. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് വിദ്യാർഥികളുടെ ഷെഡ്യൂളിനെ തടസ്സപ്പെടുത്തുമെന്ന് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ബന്ദ് ശനിയാഴ്ചയായതിനാൽ വിദ്യാർഥികളെയും പരീക്ഷകളെയും കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലാണുള്ളത്. സംസ്ഥാനവ്യാപകമായി സ്കൂളുകൾ അടച്ചിടാനുള്ള സാധ്യത വിരളമാണ്.

ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ ഓല, ഊബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ എന്നിവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഹോട്ടൽ, സിനിമാ രംഗത്തെ സംഘടനകൾ എന്നിവ ബന്ദിന് ധാർമിക പിന്തുണ നൽകും. ബാങ്കുകൾ അടച്ചിടുമോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. മെട്രോ സർവീസുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും.

സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിക്കും. ആശുപത്രികൾ, റേഷൻ കടകൾ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കും. മറാത്തി അനുകൂല ഗ്രൂപ്പുകളെ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ബന്ദ് പ്രഖ്യാപിച്ച സംഘാടകർ ഉന്നയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group