തമിഴ്നാടിന് കാവേരി നദീ ജലം വിട്ടുനല്‍കുന്നതിനെതിരെ കന്നഡ-കര്‍ഷകസംഘടനകള്‍ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദ് ദക്ഷിണ കന്നഡ ജില്ലയെ കാര്യമായി ബാധിച്ചില്ല.സര്‍കാര്‍ – സ്വകാര്യ ബസുകളും ഓടോറിക്ഷ, ടാക്‌സികളും സാധാരണ പോലെ സര്‍വീസ് നടത്തുന്നു. സര്‍കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍നിലയും പതിവുപോലെയാണ്. ഹോടെലുകളും കടകളും അടക്കമുള്ള വിവിധ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്. ബിജെപിക്കും ജനതാദളിനുമൊപ്പം ആയിരത്തോളം വിവിധ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദക്ഷിണ കന്നഡയിലെയും ഉഡുപിയിലെയും ഒട്ടുമിക്ക സംഘടനകളും ബന്ദിന് ധാര്‍മിക പിന്തുണ മാത്രമാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബെംഗ്ളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്. ചില വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നപ്പോള്‍ ഹോടെലുകളും റസ്റ്റോറന്റുകളും പതിവുപോലെ പ്രവര്‍ത്തിച്ചു. തമിഴ്നാടിന് 15 ദിവസത്തേക്ക് ദിവസേന 5000 ക്യൂസെക്സ് വീതം അധിക ജലം വിട്ട് നല്‍കണമെന്ന കാവേരി ജല മാനജ്മെന്റ് അതോറിറ്റിയുടേയും കാവേരി കാവേരി വാടര്‍ റെഗുലേറ്ററി കമിറ്റിയുടേയും ഉത്തരവാണ് നിലവിലെ പ്രശ്‌നത്തിന് കാരണം. ബന്ദ് ദക്ഷിണ കന്നഡ ജില്ലയെ ബാധിക്കാത്തത് മംഗ്ളുറു അടക്കമുള്ള വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്ന കാസര്‍കോട് നിന്നടക്കമുള്ളവര്‍ക്ക് ആശ്വാസമായി.