കര്‍ണാടക : കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളിലെ 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗതാഗത സൗകര്യങ്ങളും ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ വൈകിട്ട് വരെ നീളുന്ന പ്രതിഷേധം സാധാരണ ജീവിതത്തെ ബാധിക്കും.
തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നഗരത്തില്‍ സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വന്‍തോതില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍
ബെംഗളുരു: തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ സിനിമ പ്രമോഷനിടെ വേദിയില്‍ നിന്ന് ഇറക്കി വിട്ട് പ്രതിഷേധക്കാര്‍. ചിറ്റാ സിനിമയുടെ പ്രമോഷനുമായി കര്‍ണാടകയിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
നടന്‍ തിയേറ്ററിലെ വേദിയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് മുദ്രാവാക്യം മുഴക്കി കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെത്തിയത്. കാവേരി നദീജല പ്രശ്നം രൂക്ഷമായിരിക്കെ ഈ പരിപാടി അനാവശ്യമാണെന്നും നടനോട് ഇവിടെ നിന്ന് പോകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഏതാനും മിനിറ്റുകള്‍ പുഞ്ചിരിച്ചുകൊണ്ട് ഇരുന്ന നടന്‍ സ്ഥിതി വഷളായതോടെ തിയേറ്റര്‍ വിടുകയായിരുന്നു.