ദില്ലി : കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കളുടെ ക്ഷേമത്തിനായി ദില്ലിയിലെ എഐസിസി ഓഫീസിന് മുന്നിൽ യാഗം. കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് യാഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിൻ്റെയും, കർണ്ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക് പുറത്ത് യാഗം നടത്തുന്നത്.
ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണികഴിയുമ്പോൾ ഇരു മുന്നണികളും നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കൾ അതത് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ ബസവരാജ ബൊമ്മൈ മുന്നിലാണ്. കോൺഗ്രസിന്റെ തുറുപ്പുചീട്ടായ സിദ്ധരാമയ്യ വരുണയിലും ലീഡ് ചെയ്യുന്നു.
കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ
ബെംഗളുരു : കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്.
എന്നാൽ പോസ്റ്റൽ വോട്ടിൽ ബിജെപി തൊട്ടുപിന്നാലെയുണ്ട്. ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്. കോൺഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. കരർണാടക രാഷ്ട്രീയത്തിൽ ഒരിക്കൽ കൂടി ജെഡിഎസ് നിർണ്ണാ.ക ശക്തിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.