ബെംഗളൂരു: കര്‍ണാടകയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഐഡിസി) പുറത്തുവിടുന്നത്.ശിവമോഗയിലെ സോഗാനെയിലുള്ള വിമാനത്താവളത്തില്‍ ഈ വര്‍ഷം ഒക്ടോബറോടെ രാത്രിയിലും വിമാനങ്ങള്‍ ഇറങ്ങുമെന്നും അതിനുള്ള സൗകര്യം സജ്ജമായി വരുന്നതായും കെഎസ്ഐഐഡിസി അറിയിച്ചു.കെഎസ്ഐഐഡിസി ചെയര്‍പേഴ്സണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 16-ന് വിമാനത്താവളം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 12 കോടി രൂപ ചെലവഴിച്ചാണ് ഇതിനുള്ള സൗകര്യങ്ങള്‍ നടപ്പാക്കിയത്.ഇതില്‍ വിമാനങ്ങള്‍ക്ക് രാത്രി ദിശ കാണിച്ചുനല്കുന്ന ‘ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച്’ (DVOR) എന്ന അത്യാധുനിക നാവിഗേഷന്‍ സംവിധാനത്തിനായി മാത്രം അഞ്ചു കോടിയിലേറെ രൂപ ചെലവായി. നിലവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും മണ്ണ് പരിശോധനയും കഴിഞ്ഞ സാഹചര്യത്തില്‍ ബാക്കി ജോലികള്‍ ഉടന്‍ ആരംഭിക്കും. രാത്രികാല ലാന്‍ഡിംഗ് സൗകര്യം വരുന്നതോടെ ശിവമോഗയില്‍ നിന്ന് ഡല്‍ഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് ഡിജിസിഎ ചുമത്തിയ 22 ലക്ഷം രൂപ പിഴ പലിശ സഹിതം വിമാനത്താവള അധികൃതര്‍ അടച്ചുതീര്‍ത്തു. ഇതോടെ വിമാനത്താവളത്തിന്റെ ലൈസന്‍സ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിച്ചു. കൃത്യസമയത്ത് പിഴ അടച്ചിരുന്നെങ്കില്‍ വലിയ തുക പലിശയായി നല്‍കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ചെയര്‍പേഴ്സണ്‍ സമ്മതിച്ചു.അതേസമയം ഹാസന് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തില്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. വിമാനത്താവളത്തിന് മതില് കെട്ടിയതോടെ ഗ്രാമവാസികള്‍ക്ക് വഴി നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവര്‍ എട്ട് കിലോമീറ്റര്‍ നീളമുള്ള പുതിയ റോഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുകൂടാതെ വിമാനത്താവള പരിധിയിലൂടെ കടന്നുപോകുന്ന വലിയ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതിനായികര്ണാടക പവര്‍ ട്രാന്സ്മിഷന് കോര്പ്പറേഷന് (കെപിടിസിഎല്‍) 21 കോടി രൂപയുടെ കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.ബെംഗളൂരുവില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ ദൂരത്തിലാണ് ശിവമോഗ സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇവിടേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ലഭ്യമാണ്. നിരവധി വിനോദ സഞ്ചാരികളാണ് ശിവമോഗിലേക്കു യാത്ര ചെയ്യുന്നത്.