ബെംഗളൂരു ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ നോൺ എസി സ്ലീപ്പർ ബസ് സർവീസ് 6ന് ആരംഭിക്കും. കോഴിക്കോട് നിന്നുള്ള മടക്ക സർവീസ് 7ന് തുടങ്ങും. ടാറ്റയുടെ എൽപിഒ സിരീസിലുള്ള ബസിൽ 36 ബെർത്തുകളുണ്ട്. മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി വഴിയാണ് സർവീസ്. നിലവിൽ കോഴിക്കോട്ടേക്ക് ബത്തേരി വഴിയുള്ള എസി സ്ലീപ്പർ സർവീസിനു പുറമേയാണ് നോൺ എസി സർവീസ് കൂടി തുടങ്ങുന്നത്. ഇതോടെ കർണാടകയ്ക്ക് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ഏഴാകും. വാരാന്ത്യങ്ങളിൽ 1038 രൂപയും പ്രവൃത്തിദിവസങ്ങളിൽ 950 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.ksrtc.in
ബെംഗളൂരു – കോഴിക്കോട് സ്ലീപ്പർ
ശാന്തിനഗറിൽനിന്ന് രാത്രി 8.45ന് പുറപ്പെട്ട് സാറ്റലൈറ്റ് (9.15), രാജരാജേശ്വരി നഗർ (9.20), കെങ്കേരി ടെർമിനൽ (9.30), മാനന്തവാടി (3.15), കൽപറ്റ (4), താമരശ്ശേരി വഴി രാവിലെ 5.45ന് കോഴിക്കോട്ടെത്തും.
കോഴിക്കോട് – ബെംഗളൂരു സ്ലീപ്പർ
കോഴിക്കോട്ടു നിന്ന് രാത്രി 9.15ന് പുറപ്പെട്ട് താമരശ്ശേരി (9.55), കൽപറ്റ (11.25), മൈസൂരു (പുലർച്ചെ 2.40), സാറ്റലൈറ്റ് (5.10), മജസ്റ്റിക് (5.20) വഴി 5.25നു ശാന്തിനഗറിലെത്തും.